കര്‍ഷക നേതാക്കള്‍ യു.പിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ടിക്കായത്ത്

കര്‍ഷക നേതാക്കള്‍ യു.പിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ടിക്കായത്ത്

ദില്ലി അതിര്‍ത്തിക്ക് സമീപം തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വര്‍ഷകാല
സമ്മേളനം അവസാനിക്കുന്നത് വരെ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തും.

ന്യൂഡല്‍ഹി: പഞ്ചാബിലും ഉത്തര്‍ പ്രദേശിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കര്‍ഷക നേതാക്കള്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്.

കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ എട്ട് മാസത്തിലേറെയായി ദില്ലി അതിര്‍ത്തിക്ക് സമീപം പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ മഹാ പഞ്ചായത്ത് ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

സെപ്റ്റംബറില്‍ മുസാഫര്‍നഗറില്‍ നടക്കുന്ന മഹാ പഞ്ചായത്തില്‍ ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ പങ്കാളിത്തമുണ്ടാകും. 'തിരഞ്ഞെടുപ്പില്‍ പോരാടുന്നത് തെറ്റായ കാര്യമാണോ? വോട്ട് രേഖപ്പെടുത്തുന്നവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കാം ' - കര്‍ഷക നേതാവ് അഭിപ്രായപ്പെട്ടു.

പ്രക്ഷോഭത്തിന്റെ ചൂടുമായി കര്‍ഷക സംഘടനകള്‍ സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റുമെന്ന ആശങ്ക ബി.ജെ.പിക്ക് കൂടുതലായുണ്ട്. കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിയാനുള്ള മുഖ്യ കാരണം കര്‍ഷക പ്രക്ഷോഭമായിരുന്നു.

സര്‍ക്കാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മൂന്ന് നിയമങ്ങളും റദ്ദാക്കില്ലെന്ന പിടിവാശിയാണ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്. ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് തന്നെയാണ് കര്‍ഷക സംഘടനകള്‍ ആഗ്രഹിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ ഇല്ലാതാക്കുന്നതുവരെ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ പ്രസ്ഥാനത്തിന് പിന്തുണ നേടുന്നതിനായി രാകേഷ് ടിക്കായത്ത് ഈ കാലയളവില്‍ നിരവധി രാഷ്ട്രീയക്കാരെ കണ്ടിരുന്നു.

ഇതിനിടെ പ്രക്ഷോഭം ശക്തമാക്കാനുള്ള പദ്ധതികള്‍ നേതാക്കള്‍ പ്രഖ്യാപിച്ചു. ജൂലൈ 22 മുതല്‍ 200 പേര്‍ പാര്‍ലമെന്റിന് സമീപം പ്രതിഷേധം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച ടിക്കായത്ത് പറഞ്ഞു. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തി കര്‍ഷക പ്രതിഷേധം കടുപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിരുന്നു. വര്‍ഷകാല സമ്മേളനം ഈ മാസം 19 തുടങ്ങും.

കഴിഞ്ഞയാഴ്ച ഹരിയാനയില്‍ ബി.ജെ.പി പരിപാടികള്‍ക്കുനേരെ കര്‍ഷകരുടെ പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കിയിരുന്നു. യമുനാനഗര്‍, ഹിസാര്‍ ജില്ലകളില്‍ വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെയുണ്ടായ പ്രതിഷേധം രൂക്ഷമാവുകയും കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടുന്ന സ്ഥിതിവിശേഷവുമുണ്ടായി.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധങ്കര്‍, ഗതാഗത മന്ത്രി മൂല്‍ചന്ദ് എന്നിവര്‍ കര്‍ഷക രോഷത്തിനിരയായി. പ്രതിഷേധം മുന്നില്‍ കണ്ട് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രാക്ടറുകളുമായി എത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റി. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പ്രതിഷേധം അരങ്ങേറിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.