ന്യൂയോര്‍ക്ക്: ചൈനീസ് സര്‍ക്കാരിന്റെ പീഡനങ്ങള്‍ സഹിക്കാനാവാതെ പലായനം ചെയ്ത അന്ധനായ മനുഷ്യാവകാശ പ്രവത്തകന് പൗരത്വം നല്‍കി അമേരിക്ക. ബെയര്‍ഫൂട്ട് ലോയര്‍ എന്ന് അറിയപ്പെടുന്ന ചെന്‍ ഗുവാങ്‌ചെംഗിനാണ് പൗരത്വം നല്‍കിയത്. 2012 ലാണ് ചെന്‍ അമേരിക്കയിലേക്കു പലായനം ചെയ്തത്. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചെന്നിന് അമേരിക്ക പൗരത്വം നല്‍കിയത്. രാജ്യത്ത് എത്തിയതു മുതല്‍ ചെന്‍ അമേരിക്കന്‍ പൗരത്വം സ്വന്തമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു.
ചൈനയുടെ ഉള്‍മേഖലകളില്‍ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയാണ് ചെന്‍ ശ്രദ്ധനേടിയത്. ഒറ്റക്കുട്ടി നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ത്രീകളെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് അദ്ദേഹത്തിന് ബെയര്‍ഫൂട്ട് ലോയര്‍ എന്ന പേര് ലഭിച്ചത്.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ ചെന്നിനെ 2005 ല്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. ഒരു വര്‍ഷം നീണ്ടുനിന്ന വീട്ടുതടങ്കലിന് ശേഷം ചെന്നിനെ സര്‍ക്കാര്‍ നാലു വര്‍ഷത്തോളം ജയിലില്‍ അടയ്ക്കുകയും പിന്നീട് വീണ്ടും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
വീട്ടുതടങ്കലില്‍ കഴിഞ്ഞ ചെന്നിനും ഭാര്യയ്ക്കും ക്രൂര പീഡനങ്ങളാണ് പോലീസുകാരില്‍ നിന്നും നേരിടേണ്ടിവന്നത്. മര്‍ദനം പതിവായപ്പോള്‍ ചെനും ഭാര്യയും ബെയ്ജിംഗിലെ അമേരിക്കന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എംബസി അധികൃതരുടെ സഹായത്തോടെ 2012 ല്‍ ചെന്നും കുടുംബവും അമേരിക്കയില്‍ എത്തി.
സ്വതന്ത്ര രാജ്യമായ അമേരിക്ക പൗരത്വം നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചെന്‍ പറഞ്ഞു. ചൈനയില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടരുകയാണ്. ഇന്ന് ചൈനയിലെ ജനങ്ങള്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. ഓണ്‍ലൈനിലൂടെയും അല്ലാതെയും രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ അവകാശത്തിനായി പോരാടുന്നുണ്ട്. ഇത് ചൈനീസ് സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു. ഓരോ നിമിഷവും തങ്ങള്‍ക്ക് ഭരണം നഷ്ടമാകുമോയെന്ന ഭയത്തിലാണ് ചൈനീസ് സര്‍ക്കാരെന്നും ചെന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.