സര്‍ക്കാര്‍ വേദികള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിക്ക് വിലക്ക്

സര്‍ക്കാര്‍ വേദികള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിക്ക് വിലക്ക്

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെര്‍ത്ത് തിയേറ്റര്‍ ട്രസ്റ്റിന്റെ വേദികള്‍ വാടകയ്ക്ക് എടുക്കുന്നതില്‍നിന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിക്ക് (എ.സി.എല്‍) വിലക്ക്. പ്രശസ്തമായ ആല്‍ബനി എന്റര്‍ടൈന്‍മെന്റ് സെന്റര്‍ ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനാണ് എ.സി.എല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ബുക്കിംഗ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വിവിധ വേദികളുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ തങ്ങളെ അറിയിച്ചതായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ എ.സി.എല്‍ ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്‌സ് പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളെ എതിര്‍ക്കുന്ന സംഘടനകളെ അടിച്ചമര്‍ത്താനുള്ള നിഗൂഢമായ നീക്കമാണ് സംസ്ഥാന പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നതെന്നു പീറ്റര്‍ ആബെറ്റ്‌സ് കുറ്റപ്പെടുത്തി. പരിപാടികളുടെ സ്വഭാവം കാരണവും രാഷ്ട്രീയ കാരണങ്ങളാലും ബുക്കിംഗ് സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ട്രസ്റ്റിന്റെ വിശദീകരണമെന്ന് അദ്ദേഹം അറിയിച്ചു.



ആല്‍ബനി മേഖലയിലാണ് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിക്ക് ഏറ്റവും കൂടുതല്‍ അനുയായികളുള്ളത്. അതിനാലാണ് നഗരത്തിലെ ഏറ്റവും വലിയ വേദിയായ ആല്‍ബനി എന്റര്‍ടൈന്‍മെന്റ് സെന്റര്‍ പരിപാടിക്കായി തെരഞ്ഞെടുത്തത്്.

ഫീസ് അടച്ച് വേദി ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഈ നീതി നിഷേധമെന്ന് പീറ്റര്‍ ആബെറ്റ്‌സ് പറഞ്ഞു. അതേസമയം, പെര്‍ത്ത് തിയേറ്റര്‍ ട്രസ്റ്റിന്റെ നയങ്ങള്‍ക്ക് എതിരായതുകൊണ്ടാണ് എ.സി.എല്ലിന് ബുക്കിംഗ് നിഷേധിച്ചതെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാന മന്ത്രി ഡേവിഡ് ടെമ്പിള്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.


പീറ്റര്‍ ആബെറ്റ്‌സ്

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ കീഴിലുള്ള വേദികളില്‍നിന്ന് എ.സി.എല്ലിനു വിലക്കേര്‍പ്പെടുത്തിയത് പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവന്റെ അനുവാദത്തോടെയാണെന്നും എ.സി.എല്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയത്തിന് തൊട്ടുപിന്നാലെ ഏര്‍പ്പെടുത്തിയ പുതിയ വാടക നയത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളില്‍നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വേദികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വാടകയ്ക്ക് എടുക്കുന്നതിനെയും നിയമം വിലക്കുന്നുണ്ട്. അതേസമയം ഭരണം നയിക്കുന്ന ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ യാതൊരു തടസവുമില്ല. ഈ വിവേചനമാണ് കടുത്ത വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

ഹിസ് മജസ്റ്റി തിയറ്റര്‍, പെര്‍ത്ത് കണ്‍സേര്‍ട്ട് ഹാള്‍, സുബിയാക്കോ ആര്‍ട്‌സ് സെന്റര്‍, സ്റ്റേറ്റ് തിയേറ്റര്‍ സെന്റര്‍ എന്നിവയും പെര്‍ത്ത് തിയറ്റര്‍ ട്രസ്റ്റിന്റെ കീഴിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ട്രസ്റ്റിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 14.76 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് ധനസഹായമായി ലഭിച്ചത്.

ഈ മാസം ആദ്യം പ്രാബല്യത്തില്‍ വന്ന ദയാവധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ട്രസ്റ്റിനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് എ.സി.എല്‍. ദി ഓസ്ട്രേലിയന്‍ ഉള്‍പ്പെടെ നിരവധി ഓസ്ട്രേലിയന്‍ പത്രങ്ങള്‍ ഈ വിവേചനം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.