ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷവും വിരോധവും ഒരു വശത്ത്; വ്യാപാരത്തില്‍ ഭായ്...ഭായ്, വര്‍ധനവ് 62.7 %

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷവും വിരോധവും ഒരു വശത്ത്; വ്യാപാരത്തില്‍ ഭായ്...ഭായ്, വര്‍ധനവ് 62.7 %


അതിര്‍ത്തി സംഘര്‍ഷവും ബഹിഷ്‌കരണ ആഹ്വാനവും കോവിഡും തള്ളി ഇറക്കുമതി, കയറ്റുമതി കുതിച്ചു.
ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ഇന്ത്യ അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളി.

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെ ചൈനയുമായുള്ള വ്യാപാര ബന്ധം കുറയ്്ക്കാന്‍ ഔദ്യോഗികമായും രാഷ്ട്രീയമായും ഇന്ത്യയില്‍ ഉണ്ടായ തീരുമാനങ്ങളും ആഹ്വാനങ്ങളും ഏട്ടിലെ പശുവായി. ഈ വര്‍ഷത്തെ ആദ്യ ആറ് മാസം പിന്നിടുന്നതിനിടെ ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തില്‍ ശ്രദ്ധേയ വളര്‍ച്ചയുണ്ടായതായുള്ള കണക്ക് പുറത്തുവന്നു.

കോവിഡ് വ്യാപനമുണ്ടായിട്ടും ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിയാണ് മുന്നേറ്റം. ഇന്ത്യ-ചൈന വ്യാപാരത്തില്‍ 62.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയാണ് ഈ സമയത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനയെ സംബന്ധിച്ചാണെങ്കില്‍ ഇന്ത്യ അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയും. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്.

രണ്ടാം കോവിഡ് 19 തരംഗത്തിനിടയില്‍ കോവിഡ് വാക്‌സിനുകളുടെ ആഭ്യന്തര ഉത്പാദനം ചൈന വര്‍ദ്ധിപ്പിച്ചതോടെ ഇന്ത്യ മെഡിക്കല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതാണ് ഉഭയകക്ഷി വ്യാപാരത്തിലെ ഇപ്പോഴത്തെ വന്‍ വര്‍ധനവിന് കാരണമെന്ന് ഷാങ്ഹായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് റിസര്‍ച്ച് ഫെലോ ഷാവോ ഗഞ്ചെംഗ് പറഞ്ഞു.

അതിര്‍ത്തി നിയന്ത്രണ രേഖയിലുടനീളം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം ഇടയ്ക്കിടെ രൂക്ഷമായി മാറുന്നതിനിടയാണ് ഈ തരത്തില്‍ വ്യാപാര ബന്ധം മെച്ചപ്പെടുന്നത്. ചൈനയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് (ജിഎസി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചൈനയുടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയും ഇന്ത്യയിലേക്കുള്ള കയറ്റുമതിയും ചേര്‍ന്നുള്ള ബിസിനസ് 57.48 ബില്യണ്‍ ഡോളറിലെത്തി.

കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാള്‍ കൂടുതലാണ് ഇത്. ഇറക്കുമതി 69.6 ശതമാനവും, കയറ്റുമതി 60.4 ശതമാനവും ഉയര്‍ന്നു. ഇന്ത്യ 14.7 ബില്യണ്‍ ഡോളര്‍ വിലവരുന്ന സാധനങ്ങള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്തു. 42.6 ബില്യണ്‍ ഡോളര്‍ വിലവരുന്ന സാധനങ്ങളുടെ ഇറക്കുമതി നടത്തി.


കോവിഡ് വന്നതോടെ ഇന്ത്യ 26,000 വെന്റിലേറ്ററും ഓക്‌സിജന്‍ ജനറേറ്ററും 15,000 മോണിറ്ററും 3,800 ടണ്‍ മരുന്നും ഇറക്കുമതി ചെയ്തതായി ചൈനയിലെ കസ്റ്റംസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ 70.1 ശതമാനം വര്‍ധനവുണ്ടായി. 48.16 ബില്യണ്‍ ഡോളറാണ് മൂല്യം. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 90.2 ശതമാനം ഉയര്‍ന്നു.

തിരികെയുള്ളത് 64.1 ശതമാനവും ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ-ചൈന വ്യാപാരം എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. വിദേശ വ്യാപാരം പ്രതിവര്‍ഷം 62.7 ശതമാനം വളര്‍ച്ച നേടി. ഇത് ചൈനയുടെ പ്രമുഖ വ്യാപാര പങ്കാളികളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ പ്രചാരണം ശക്തമായിരുന്നെങ്കിലും പിന്നീട് കെട്ടടങ്ങി. ഇന്ത്യയിലെ പ്രമുഖരായ പലരും ഈ പ്രചാരണത്തിനൊപ്പം ചേര്‍ന്നിരുന്നു. വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ മാത്രം ലക്ഷക്കണക്കിന് പോസ്റ്റുകള്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഉത്പന്നങ്ങള്‍ മാത്രമല്ല, ചൈനീസ് ആപ്പുകളും ഡിലീറ്റ് ചെയ്യണം എന്നാണ് പ്രചാരണത്തിന്റെ ഭാഗമായി പ്രചരിച്ചത് . ഇതിനെ തുടര്‍ന്ന് ടിക്ടോക് പോലുള്ളവയ്ക്ക് വലിയ തിരിച്ചടിയുണ്ടായി.

ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം ഇന്ത്യയിലെ സൈബര്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും അത് കത്തിക്കയറാന്‍ വഴിതെളിച്ചു ശാസ്ത്രകാരനും വിദ്യഭ്യാസ പരിഷ്‌കര്‍ത്താവുമായ സോനം വാങ്ചക്. ഇന്ത്യയില്‍ വന്‍തരംഗമായി മാറി ആമീര്‍ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്സ് ഇദ്ദേഹത്തിന്റെ ജീവിതത്തെ അധികരിച്ചായിരുന്നു. മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാഗ്‌സസെ അവാര്‍ഡ് ജേതാവായ സോനം വാങ്ചക് രംഗത്തെത്തിയത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ്.

ഒരു വശത്ത്, നമ്മുടെ സൈനികര്‍ അവരോട് യുദ്ധം ചെയ്യുന്നു, മറുവശത്ത്, നമ്മള്‍ ചൈനീസ് ഹാര്‍ഡ് വെയര്‍ വാങ്ങുകയും ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ബഹിഷ്‌കരണം ചൈനീസ് ജനതയ്ക്ക് എതിരല്ല, അവരുടെ ചൂഷണ സംവിധാനത്തിനെതിരാണ്. ഇന്ത്യയില്‍ അടക്കം ഉത്പന്നങ്ങള്‍ വഴി കോടിക്കണക്കിന് രൂപയാണ് ചൈനയ്ക്ക് നമ്മള്‍ നല്‍കുന്നത്. അത് ഉപയോഗിച്ച് അവര്‍ നമുക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു-വാങ്ചക് പറഞ്ഞു.


ചൈനക്കെതിരെ ബുള്ളറ്റുകളേക്കാള്‍ കീശയിലുള്ള പണസഞ്ചി കൊണ്ട് മറുപടി പറയണമെന്നും, വാങ്ചക് കുറിച്ചു. ആഹ്വാനം വലിയതോതില്‍ സ്വീകരിക്കപ്പെട്ടതോടെ, ലഡാക്ക് സ്വദേശിയായ ഇദ്ദേഹം സിന്ധുവിന്റെ തീരത്ത് ഇരുന്ന് 'എന്തുകൊണ്ട് താന്‍ ചൈനീസ് ബഹിഷ്‌കരണത്തിന് രംഗത്ത് എത്തി' യെന്ന് വിവരിക്കുന്ന വീഡിയോയും പുറത്തിറക്കി. ലക്ഷങ്ങളാണ് ഈ വീഡിയോ കണ്ടത്. ഒരു ഉല്‍പന്നം തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വതന്ത്ര്യത്തെ സര്‍ക്കാരിനോ അധികാരികള്‍ക്കോ എതിര്‍ക്കാന്‍ സാധിക്കില്ല. ഇത് ജനങ്ങള്‍ നയിക്കുന്ന ഒരു മുന്നേറ്റമാണ്. ഇതിന് പ്രത്യേക നിയമങ്ങളോ നിയമാവലികളോ ഇല്ല - ഈവിധമായിരുന്നു ആഹ്വാനം.

ദശലക്ഷക്കണക്കിന് തൊഴിലാളികളെ പീഡിപ്പിച്ചും ടിബറ്റിലെ നൂറുകണക്കിന് സന്യാസിമാരെ കൊലപ്പെടുത്തി ബുദ്ധവിഹാരങ്ങള്‍ തകര്‍ത്തും ഷിന്‍ ജിയാങ് പ്രവിശ്യയില്‍ ആയിരക്കണക്കിന് ഉയ്ഗര്‍ മുസ്ലീങ്ങളെ പീഡിപ്പിച്ചും ചൈന ഉണ്ടാക്കുന്ന സാമ്പത്തിക വ്യവസ്ഥയെ നാം പിന്തുണയ്ക്കേണ്ടതില്ല. എങ്ങനെയാണ് ചൈന ശ്രീലങ്കയെ ഒരു തുറമുഖം വച്ച് കടക്കെണിയിലാക്കിയത് എന്ന് നാം അറിയണം. പാകിസ്ഥാന്‍ തീര്‍ത്തും അവരില്‍ നിന്നും കടം വാങ്ങി അവരുടെ അധികാരം നഷ്ടപ്പെട്ട് അടിമയായി മാറുന്നു.

1962 ലെ ഇന്തോ-ചൈന യുദ്ധത്തില്‍ ഇന്ത്യയുടെ കിലോമീറ്ററുകളോളും സ്ഥലം പിടിച്ചെടുത്ത ചൈന അവിടെയുള്ള ഇന്ത്യക്കാരുടെ ജീവിത മാര്‍ഗങ്ങള്‍ ഇല്ലാതാക്കി. അവര്‍ ഇന്ത്യക്കാരുടെ വരുമാന മാര്‍ഗമായ ആടുകളെയും ചെമ്മരിയാടുകളെയും മറ്റും കൊണ്ടുപോയി. 1905 ല്‍ ബാല ഗംഗാധര തിലകന്‍ ആഹ്വാനം ചെയ്ത വിദേശ വസ്തു ബഹിഷ്‌കരണത്തിന് സമാനമായി നമ്മള്‍ ചൈനീസ് ബഹിഷ്‌കരണം കാണേണ്ടതുണ്ട് - സോനം വാങ്ചക് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.