കൊടകരയിലും കസ്റ്റംസിലും കോംപ്രമൈസ്... ഇതായിരുന്നോ മോഡി-പിണറായി ഡല്‍ഹി ചര്‍ച്ചയുടെ കാതല്‍?..

കൊടകരയിലും കസ്റ്റംസിലും  കോംപ്രമൈസ്... ഇതായിരുന്നോ മോഡി-പിണറായി ഡല്‍ഹി ചര്‍ച്ചയുടെ കാതല്‍?..

കൊച്ചി: രണ്ടാമതും മുഖ്യമന്ത്രി ആയശേഷം കഴിഞ്ഞ ദിവസം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന്റെ സന്ദര്‍ശനത്തില്‍ നടന്നതെന്ത്?.. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് വേണ്ടി മാത്രമായിരുന്നോ?..

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളിലും ബിജെപി സംസ്ഥാന നേതാക്കള്‍ ആരോപണ വിധേയരായ കൊടകര കുഴല്‍പ്പണ കേസിലും നീക്കുപോക്ക് ചര്‍ച്ചകള്‍ നടന്നോ?..

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളിലും രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് പിടിച്ചുപറി കേസുകളുമായി ബന്ധപ്പെട്ട് അതി ശക്തമായ അന്വേഷണം നടത്തി വന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ ഇന്നലെ അടിയന്തിരമായി മഹാരാഷ്ട്രയിലേക്ക് സ്ഥലം മാറ്റിയതെന്തിന്?..

കൊടകരയില്‍ പിടിച്ച കുഴല്‍പ്പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കുകയും ഇരിങ്ങാലക്കുട കോടതിയില്‍ ഇപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത കേരള പൊലീസ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള കുറ്റപത്രത്തില്‍ ബിജെപി നേതാക്കളെ പാടെ ഒഴിവാക്കിയതിന് പിന്നിലെ കാരണമെന്ത്?..

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്-ബിജെപി രഹസ്യ ധാരണ ഉണ്ടായിരുന്നു എന്ന യുഡിഎഫ് നേതാക്കളുടെ ആരോപണം ശരി തന്നെയോ പുതിയ സംഭവ വികാസങ്ങള്‍?..

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തിലെ വമ്പന്‍ ട്വിസ്റ്റിനു ശേഷം കേരളത്തിലെ പൊതു മണ്ഡലത്തില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളാണ് ഇവ.

പിണറായി വിജയന്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച നടന്ന് രണ്ടാം ദിവസമാണ് സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും തലവേദനയായി മാറിയ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ കേരളത്തില്‍ നിന്ന് മാറ്റിയത്. തൊട്ടു പിന്നാലെയാണ് കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ 'വിശുദ്ധരായി' പ്രഖ്യാപിച്ച് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. സംസ്ഥാനത്ത് ഇടത്-ബിജെപി അന്തര്‍ധാര ശക്തമാണെന്ന സൂചന തന്നെയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങിയ കേസുകളില്‍ സംസ്ഥാന സര്‍ക്കാരും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറും പല തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും കഴിഞ്ഞ സര്‍ക്കാരിലെ സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ എല്‍.ഡി.എഫ് പരസ്യ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. സുമിത് കുമാറെടുത്ത കര്‍ക്കശമായ നിലപാട് മൂലമാണ് കോണ്‍സുലേറ്റിന്റെ എതിര്‍പ്പ് മറികടന്നും നയതന്ത്ര ബാഗേജ് തുറന്നു പരിശോധിച്ചത്.

രാമനാട്ടുകരയിലെ അപകടത്തേയും ഇതുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടത്തേയും സുമിത് കുമാര്‍ വെറുതെ വിട്ടില്ല. ടി.പി ചന്ദ്രശേഖരന്‍ വധത്തേസില്‍ അഴിക്കുള്ളില്‍ കഴിയുന്ന കൊടി സുനിയിലേക്ക് വരെ അന്വേഷണമെത്തി. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ കണ്ണൂരിലെ സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളിലേക്കും കസ്റ്റംസ് കടന്നു കയറി. സിപിഎം ഗുണ്ടകളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീടുകളില്‍ റെയ്ഡ് നടത്തി. അര്‍ജുന്‍ ആയങ്കിയെ കയ്യൊടെ പൊക്കി.

ഇതിനു പിന്നാലെ നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തും ഡോളക്കടത്തും വീണ്ടും സജീവമാക്കാന്‍ നീക്കം നടക്കുന്നതിന് പിന്നാലെയാണ് സുമിത് കുമാറിനെ മഹാരാഷ്ട്ര ഭിവണ്ടി ജി.എസ്.ടി കമ്മിഷണറായി സ്ഥലം മാറ്റിയത്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് കമ്മിഷണറെ സ്ഥലം മാറ്റിയതും കൊടകര കേസും തമ്മില്‍ കൂട്ടിവായിക്കപ്പെടേണ്ടതാണെന്ന ചിന്ത ഉയരുന്നത്.

കൊടകര കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കി കുറ്റപത്രം നല്‍കാനുള്ള പൊലീസിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 മണ്ഡലങ്ങളില്‍ എന്‍ഡിഎ എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പ്പതോളം മണ്ഡലങ്ങളില്‍ 2016 നെ അപേക്ഷിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു കുറഞ്ഞതും പ്രസ്തുത മണ്ഡലങ്ങളില്‍ യുഡിഎഫിനെക്കാള്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയതും കണക്കുകള്‍ ഉദ്ധരിച്ച് സീന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26