കുട്ടികളിലെ വാക്സിനേഷന്‍ മതിയായ പഠനത്തിന് ശേഷം മതിയെന്ന് കോടതി; ദുരന്തം വിളിച്ചു വരുത്തരുതെന്നും മുന്നറിയിപ്പ്

 കുട്ടികളിലെ വാക്സിനേഷന്‍ മതിയായ പഠനത്തിന് ശേഷം മതിയെന്ന് കോടതി; ദുരന്തം വിളിച്ചു വരുത്തരുതെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് നല്‍കുന്ന കോവിഡ് വാക്സിന്റെ വിതരണം മതിയായ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം മാത്രം മതിയെന്ന് ഡല്‍ഹി ഹൈക്കോടതി. തിടുക്കം കാണിച്ച് ദുരന്തം ക്ഷണിച്ച് വരുത്തരുതെന്നും കേന്ദ്ര സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി.

12 മുതല്‍ 17 വയസുവരെയുള്ളവരിലെ വാക്സിനേഷന്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം എന്നാവിശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മതിയായ പരിശോധനകള്‍ക്കും വിദഗ്ധരുടെ അഭിപ്രായത്തിനും ശേഷമേ കുട്ടികളിലെ വാക്സിനേഷന്‍ ആരംഭിക്കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ക്ലിനിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് പരിഗണിക്കാന്‍ പാടുള്ളൂ. ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് സെപ്റ്റംബര്‍ ആറിലേക്ക് മാറ്റിയ ശേഷം കോടതി പറഞ്ഞു.

രക്ഷിതാക്കളുടെ ഈ വിഷയത്തിലെ ഉത്കണ്ഠ മനസിലാക്കാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍ അത് കുട്ടികളെയായിരിക്കും കൂടുതല്‍ ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.