ഹൃദയത്തിനുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ ചിലന്തി വിഷം; ഓസ്ട്രേലിയയില്‍നിന്നും അതിശയകരമായ മറ്റൊരു കണ്ടെത്തല്‍

 ഹൃദയത്തിനുണ്ടാകുന്ന  തകരാര്‍ പരിഹരിക്കാന്‍ ചിലന്തി വിഷം;  ഓസ്ട്രേലിയയില്‍നിന്നും അതിശയകരമായ മറ്റൊരു കണ്ടെത്തല്‍

ബ്രിസ്ബന്‍: വൈദ്യശാസ്ത്ര രംഗത്തെ കണ്ടുപിടിത്തങ്ങളില്‍ എന്നും മുന്‍പന്തിയിലുള്ള ഓസ്‌ട്രേലിയയില്‍നിന്ന് സവിശേഷമായ മറ്റൊരു കണ്ടെത്തല്‍ കൂടി. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഒരു ചിലന്തിവര്‍ഗത്തിന്റെ വിഷത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീന് ഹൃദയാഘാതത്തെതുടര്‍ന്ന് ഹൃദയത്തിനുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ സാധിക്കുമെന്നു പഠനം. ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

അവയവമാറ്റ ശാസ്ത്രക്രിയയിലൂടെ രോഗിയുടെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്ന ഹൃദയത്തിന്റെ ആയുസ് വര്‍ധിപ്പിക്കാനും ചിലന്തി വിഷത്തിലെ പ്രോട്ടീനു കഴിയുമെന്നു പഠനത്തില്‍ പറയുന്നു.  ഓസ്ട്രേലിയയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഫ്രേസര്‍ ഐലന്റില്‍ കാണപ്പെടുന്ന ചിലന്തിയുടെ വിഷത്തിലാണ് എച്ച്.ഐ.1.എ എന്ന പ്രോട്ടീനുള്ളത്.

ഹൃദയാഘാതത്തിന്റെ ഫലമായി ഹൃദയപേശിയിലെ കോശങ്ങള്‍ നശിക്കുന്നത് തടയാന്‍ എച്ച്.ഐ.1.എ എന്ന പ്രോട്ടീന്‍ ഒരു മരുന്നായി ഉപയോഗിക്കാമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. ഗ്ലെന്‍ കിംഗ് പറഞ്ഞു. ഒരിക്കല്‍ നശിച്ചാല്‍ അതു പുനഃരുജ്ജീവിപ്പിക്കാനുള്ള ശേഷി ഹൃദയ കോശങ്ങള്‍ക്കില്ല. ഹൃദയാഘാതത്തെ അതിജീവിച്ചാലും നശിച്ച പേശി കോശങ്ങള്‍ ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയില്ല. അതിനാല്‍ തകരാറിലായ ഹൃദയവുമായി ശിഷ്ടകാലം കഴിയേണ്ടി വരും.

ഹൃദയാഘാതം സംഭവിക്കുമ്പോഴോ അല്ലെങ്കില്‍ അവയവ മാറ്റത്തിനായി ഹൃദയം നീക്കം ചെയ്യുമ്പോഴോ കോശങ്ങള്‍ നശിക്കാനുള്ള സാധ്യത എച്ച്.ഐ.1.എ പ്രോട്ടീന്‍ ഇല്ലാതാക്കുന്നു.

ശരീരത്തില്‍നിന്നു വേര്‍പെടുത്തിക്കഴിഞ്ഞാല്‍ ഹൃദയത്തിന് മണിക്കൂറുകള്‍ മാത്രേമ നിലനില്‍ക്കാന്‍ കഴിയൂ. രക്തവിതരണവും ഓക്‌സിജനുമില്ലാതെ ഹൃദയം പെട്ടെന്നു കേടാകുന്നു. സ്വീകര്‍ത്താവിന് വച്ചുപിടിപ്പിക്കുന്നതു വരെ ഹൃദയം സജീവമായി നിലനിര്‍ത്തുകയെന്നത് ഡോക്ടര്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഹൃദയം കേടു കൂടാതെ കൂടുതല്‍ സമയം സൂക്ഷിക്കാന്‍ കഴിയും. ഇത് അവയവ മാറ്റ ശസ്ത്രക്രിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായകമാകും.

ലബോറട്ടറിയില്‍ വച്ച് മനുഷ്യ കോശങ്ങളില്‍ ഈ മരുന്ന് ഗവേഷകര്‍ പരീക്ഷിച്ചു. പ്രോട്ടീന്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ ഹൃദയാഘാതത്തെതുടര്‍ന്ന് തകരാര്‍ സംഭവിച്ച കോശങ്ങള്‍ അതിജീവിച്ചതായി കണ്ടെത്തി. എലികളില്‍ നടത്തിയ പരീക്ഷണത്തിലും എച്ച്.ഐ.1.എ എന്ന പ്രോട്ടീന്‍ ഹൃദയസംബന്ധമായ തകരാറുകള്‍ പരിഹരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

മനുഷ്യരില്‍ പരീക്ഷിച്ചില്ലാത്ത മരുന്ന് വിപണിയിലെത്തിക്കുന്നതിനു മുന്‍പായി നിരവധി കടമ്പകള്‍ പൂര്‍ത്തിയാക്കണം. മൃഗങ്ങളില്‍ നിരവധി തവണ ഹൃദയം മാറ്റിവച്ച് മരുന്ന് പരീക്ഷിക്കേണ്ടി വരും. 2023 ല്‍ മനുഷ്യരിലെ ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ മരുന്നിന്റെ പരീക്ഷണം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കിംഗ് പറഞ്ഞു.

ഈ കണ്ടെത്തല്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നതായി മെല്‍ബണ്‍ സര്‍വകലാശാലയിലെ ഓസ്ട്രേലിയന്‍ വെനം റിസര്‍ച്ച് യൂണിറ്റിലെ ഡോ. തിമോത്തി ജാക്സണ്‍ പറഞ്ഞു. അതേസമയം മരുന്ന് വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.