'ഞാന്‍ മിഖായേലി'ന് ഇമ്പഗാനം പിറന്നത് ഓസ്‌ട്രേലിയ, ഇന്ത്യ വെര്‍ച്വല്‍ സര്‍ഗ്ഗാത്മകതയില്‍

 'ഞാന്‍ മിഖായേലി'ന് ഇമ്പഗാനം പിറന്നത് ഓസ്‌ട്രേലിയ, ഇന്ത്യ വെര്‍ച്വല്‍ സര്‍ഗ്ഗാത്മകതയില്‍


'മിഴിക്കുമ്പിള്‍ വിടരുമ്പോള്‍ ...' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ
ഗായകന്‍ ഹരിചരണും നടി അപര്‍ണ മുരളിയും റിലീസ് ചെയ്തു

പൂര്‍ണ്ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ഞാന്‍ മിഖായേല്‍' എന്ന മലയാള സിനിമയിലെ ശ്രദ്ധേയമായ ഇമ്പ ഗാനമൊരുങ്ങിയത് ഭുഖണ്ഡങ്ങളെ ഒരുമിപ്പിച്ച കൂട്ടായ്മയിലൂടെ. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാലത്ത്് ഓസ്‌ട്രേലിയയില്‍ നിന്ന് സംവിധായകന്‍ ഇന്റര്‍നെറ്റിലൂടെ നല്‍കിയ വിഷ്വല്‍ ശകലങ്ങളും സൂക്ഷ്മ നിര്‍ദ്ദേശങ്ങളും പിന്തുടര്‍ന്ന് കേരളത്തിലാണ് ഈരടികളും ഈണവും പിറന്നത്. പുതു തലമുറയിലെ പ്രമുഖ ഗായകന്‍ ഹരിചരണ്‍ ഓര്‍ക്കസ്ട്രയുടെ പിന്തുണയോടെ പാടിയതാകട്ടെ ചെന്നൈയില്‍ നിന്നും.

വിദൂരതയെയും സമയ മേഖലകളുടെ വ്യത്യസ്തയെയും നിര്‍വീര്യമാക്കിയ 'മിഴിക്കുമ്പിള്‍ വിടരുമ്പോള്‍ ...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഹരിചരണും ചിത്രത്തിലെ പ്രധാന നടിയായ അപര്‍ണ മുരളിയും ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. സാഹിത്യ ഭംഗിയാര്‍ന്ന വരികളും അടിപൊളിയാക്കാതെയുള്ള രാഗ, താള വിന്യാസവും വൈകാരിക തരംഗമുണര്‍ത്തുന്ന ആലാപനവും സമന്വയിച്ച വ്യത്യസ്ത ഗാനമെന്നാണ് ആസ്വാദകരുടെ പ്രാഥമിക അഭിപ്രായം.

ഓസ്ട്രേലിയയിലെ തിരക്കിട്ട അക്കാദമിക് പ്രവര്‍ത്തനത്തിനിടയിലും സിനിമാ ഭ്രമത്തിനു വിട നല്‍കാത്ത യുവ മോളിക്യുലര്‍ ബയോളജിസ്റ്റ് ജോസ് സണ്ണി രണ്ട് സീറോ ബജറ്റ് ഹ്രസ്വ ചിത്രങ്ങള്‍ക്കും ഹ്രസ്വ ഫീച്ചറിനും ശേഷം സംവിധാനം ചെയ്ത നാലാമത്തെ സംരംഭമാണിത്. പത്ത് ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി.

പക്ഷേ സ്‌കൈപ്പ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മൂന്നാഴ്ചത്തെ പരസ്പര ബന്ധിത കൂട്ടായ്മയുടെ ഫലമായാണ് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഏക ഗാനം റെക്കോര്‍ഡിംഗിനു പാകമായത്. സംവിധായകന്‍ ഓസ്ട്രേലിയയിലും സംഗീത സംവിധായകനായ മെജോ ജോസഫും ഗാനരചയിതാവ് ഷോബിന്‍ കണ്ണങ്ങാട്ടും ഇന്ത്യയിലുമായതിനാല്‍ 'വെര്‍ച്വല്‍ സര്‍ഗ്ഗാത്മക ജാലകം' തുറക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല.

'ചിത്രത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക സ്വഭാവമാര്‍ന്ന ഈ ഗാനത്തിന് ആരംഭം, മധ്യഭാഗം, ക്ലൈമാക്സ് എന്നിവ ആവശ്യമാണെന്നും അത്തരത്തിലാകണം രൂപകല്‍പ്പനയെന്നും ഞാന്‍ ആഗ്രഹിച്ചു. സമയ മേഖലയിലെ വ്യത്യാസം അണിയറ നീക്കത്തിനു തടസമാകാതിരിക്കാന്‍ ശ്രദ്ധിച്ചു. ഉറക്കസമയം മിക്കപ്പോഴും സൃഷ്ടിപരമായ ചര്‍ച്ചകള്‍ക്കു ലഭ്യമാക്കി' -ന്യൂ സൗത്ത് വെയില്‍സ് ഡബ്ബോയിലെ സെന്റ് ജോണ്‍സ് കോളേജില്‍ സയന്‍സ് വിഭാഗം മേധാവിയായ സണ്ണി പറഞ്ഞു.

എഡിറ്റു ചെയ്ത വിഷ്വലുകള്‍ രചനയ്ക്കും സംഗീത സംവിധാനത്തിനും സഹായകമായെന്ന് മെജോ ജോസഫ് പറഞ്ഞു. വിചിത്രവും സമ്പന്നവുമായ ഈ അനുഭവത്തിലൂടെ കൃത്യമായ വികാരങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞു.' കോമ്പോസിഷന്റെ മീറ്ററിലേക്ക് ഒറ്റയടിക്ക് എത്തി ഇത് എഴുതാന്‍ കഴിയുമായിരുന്നു. പക്ഷേ തിരഞ്ഞെടുത്ത ഓരോ വാക്കും കൃത്യമായ വൈകാരിക ഭാരം വഹിക്കുന്നുവെന്ന് ഉറപ്പാക്കി ദിവസങ്ങളെടുത്താണ് എഴുത്തു പൂര്‍ത്തിയാക്കിയത് ' - ഷോബിന്‍ കണ്ണങ്ങാട്ട് അറിയിച്ചു. ഒരു വാക്ക് തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പോലും തങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്തു.

അനിഷ് കെ. സെബാസ്റ്റ്യന്‍ നിര്‍മ്മിക്കുന്ന ഞാന്‍ മിഖായേല്‍ ഓഗസ്റ്റില്‍ ഓസ്‌ട്രേലിയയിലെ തിയറ്ററുകളിലും തുടര്‍ന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്യും. സണ്ണിയുടെ ഹ്രസ്വചിത്രങ്ങളായ കേജ് (2017), ഊര്‍ജം (2018), മുല്ലപ്പെരിയാറേ ചതിക്കല്ലെ (2019) എന്നിവ നിരൂപക പ്രശംസ നേടിയിരുന്നു. ലോകമെമ്പാടുമുള്ള വിവധ ചലച്ചിത്രമേളകളില്‍ അവ അവതരിപ്പിച്ചു. 2020 ല്‍ കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പരീക്ഷണാത്മക ചിത്രമായി 'മുല്ലപ്പെരിയാറെ ചതിക്കല്ലേ' തിരഞ്ഞെടുക്കപ്പെട്ടിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.