ന്യുഡല്‍ഹി: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. ആദ്യ ദിവസം തന്നെ പ്രതിപക്ഷം വിവിധ വിഷയങ്ങളുന്നയിച്ച് സഭയില്‍ പ്രതിഷേധമുയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി സംസാരിക്കാന്‍ എഴുന്നേറ്റതോടെയാണ് പ്രതിപക്ഷം ലോക് സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയത്. പ്രതിപക്ഷം പാര്‍ലമെന്റിന്റെ അന്തസ് തകര്‍ക്കരുതെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ബഹളത്തെ തുടര്‍ന്ന് നടപടികള്‍ 2 മണി വരെ നിര്‍ത്തിവച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭയും 2 മണി വരെ നിര്‍ത്തിവെക്കുകയായിരുന്നു.
ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, ഇന്ധന വില വര്‍ധനവ്, കോവിഡ് പ്രതിരോധത്തിലെ പാളിച്ച, ഫാ സ്റ്റാന്‍ സ്വാമിയുടെ മരണം തുടങ്ങി പല പ്രധാന വിഷയങ്ങളും സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സൈക്കിള്‍ ചവിട്ടിയാണ് തൃണമൂല്‍ അംഗങ്ങള്‍ സഭയിലേക്ക് എത്തിയത്.
ഇന്നലെ പുറത്ത് വന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രനും കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷും അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി തേടി നോട്ടീസ് നല്‍കി. ദില്ലിയില്‍ സിറോ മലബാര്‍ സഭയുടെ പള്ളി പൊളിച്ചുനീക്കിയ സംഭവത്തിലും ഭീമ കൊറേഗ്വാവ് കേസില്‍ ജയിലില്‍ കഴിയവേ മുനഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഫാ സ്റ്റാന്‍ സ്വാമി മരിച്ച സംഭവത്തിലും ചര്‍ച്ച ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപിയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കര്‍ഷക പ്രക്ഷോഭം ചട്ടം 267 പ്രകാരം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാരായ എളമരം കരീം, വി ശിവദാസന്‍ എന്നിവരും രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ചയാവശ്യപ്പെട്ടും ബിനോയ് വിശ്വം രാജ്യസഭയില്‍ നോട്ടീസ് നല്‍കി.
പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ചക്ക് പ്രതിപക്ഷം തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കണം, കോവിഡ് വ്യാപനത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.