ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.
കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ച് സ്വകാര്യ ആശുപത്രികള്‍ക്കെതിരേ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ചികിത്സ നല്‍കേണ്ട ആശുപത്രികള്‍ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്. മനുഷ്യന്റെ ദുരിതത്തില്‍ വളരുന്ന വ്യവസായമായി ആശുപത്രികള്‍ മാറുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
സ്വകാര്യ ആശുപത്രികള്‍ക്ക് അഗ്‌നിസുരക്ഷ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് മറികടന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിരുന്നു. ഇത്തരം ആനുകൂല്യങ്ങള്‍ കാരണം ജനങ്ങള്‍ പൊള്ളലേറ്റ് ആശുപത്രികളില്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
കോവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്ക് പരിധി നിശ്ചയിച്ച വിജ്ഞാപനം ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിന് ചികത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ഇതര രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതിരിക്കേ സ്വകാര്യ ആശുപത്രികളില്‍ പരിധി നിശ്ചയിച്ച് ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.