വിശ്രമവും ധ്യാനവും അനുകമ്പയും ചേര്‍ന്ന ഹൃദയത്തിന്റെ ആവാസവ്യവസ്ഥയാണ് നമുക്കു വേണ്ടത്: ഫ്രാന്‍സിസ് പാപ്പ

വിശ്രമവും ധ്യാനവും അനുകമ്പയും ചേര്‍ന്ന ഹൃദയത്തിന്റെ ആവാസവ്യവസ്ഥയാണ് നമുക്കു വേണ്ടത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ശസ്ത്രക്രിയയ്ക്കും പതിനൊന്ന് ദിവസത്തെ ആശുപത്രി വാസത്തിനും ശേഷം ഫ്രാന്‍സിസ് പാപ്പ ഞായറാഴ്ച്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു. അപ്പോസ്‌തോലിക അരമനയുടെ ജാലകത്തില്‍ വിശ്വാസികള്‍ക്ക് ആശീര്‍വാദവുമായെത്തിയെ പാപ്പയെ കാണാന്‍ വിവിധ രാജ്യങ്ങളില്‍നിന്നു നൂറുകണക്കിന് വിശ്വാസികളാണ് ചത്വരത്തിനു ചുറ്റും ഒത്തുകൂടിയത്. ദിവസങ്ങള്‍ക്ക് ശേഷം ജനാലയില്‍ മാര്‍പാപ്പയെ കണ്ടതും ആളുകള്‍ ആര്‍ത്തുവിളിച്ചു.

കഴിഞ്ഞ ഞായറാഴ്ച്ച റോമിലെ ജെമെല്ലി ആശുപത്രിയില്‍നിന്നാണ് പാപ്പ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. അന്ന് ആശുപത്രിയുടെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. ഉദരശസ്ത്രക്രിയയെതുടര്‍ന്ന് സുഖം പ്രാപിച്ച മാര്‍പ്പാപ്പ ബുധനാഴ്ചയാണു വത്തിക്കാനിലേക്കു തിരിച്ചെത്തിയത്.

ഇന്നലെ ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥത്തിലെ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ആറാം അധ്യായം 31-ാം വാക്യമാണ് മാര്‍പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. വിശ്രമം, ധ്യാനം, സഹാനുഭൂതി എന്നിവയിലൂടെ വികസിപ്പിച്ചെടുത്ത ഹൃദയത്തിന്റെ ആവാസ വ്യവസ്ഥയാണു നമുക്കു വേണ്ടതെന്നു പാപ്പ ആഹ്വാനം ഓര്‍മിപ്പിച്ചു. അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് വേനല്‍ക്കാലമെന്ന് പാപ്പ ഓര്‍മിപ്പിക്കുന്നു.

സുവിശേഷ പ്രഘോഷണം കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങിവന്ന ശിക്ഷ്യന്മാരെ യേശു വിശ്രമിക്കാനായി ക്ഷണിക്കുന്നു. ശാന്തമായ ഒരു സ്ഥലത്തേക്ക് നിങ്ങള്‍ വരിക, അല്‍പനേരം വിശ്രമിക്കുക. ശിഷ്യന്മാരുടെ ശാരീരികവും ആന്തരികവുമായ ക്ഷീണത്തെക്കുറിച്ച് യേശു എറെ ശ്രദ്ധാലുവാണ്. ഈ സുവിശേഷ ഭാഗത്തില്‍ യേശു നല്‍കുന്ന സന്ദേശം വളരെ പ്രസക്തമാണ്. സുവിശേഷ പ്രഘോഷണത്തിന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ശിഷ്യരെ ഓര്‍ത്ത് യേശു ആനന്ദിക്കുമ്പോഴും അവരുടെ ക്ഷേമത്തില്‍ അവിടുന്ന് ശ്രദ്ധിക്കുന്നു. യേശുവിന്റെ മാനുഷിക മുഖം നാമിവിടെ കാണുന്നു. യേശുവിന്റെ തീക്ഷ്ണത നിറഞ്ഞ പ്രേഷിതരെ സംബന്ധിച്ച് വിശ്രമവും പ്രധാനപ്പെട്ടതുതന്നെ. കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വിശ്രമം കൂടിയേ തീരൂ.

ദൈനംദിന ജീവിതത്തില്‍ മറ്റെല്ലാം മറന്ന് നാം തിരക്കില്‍ ഓടിനടന്ന് പ്രവര്‍ത്തിക്കുകയും ഫലം നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇവിടെ കേന്ദ്രസ്ഥാനത്ത് നമ്മെത്തന്നെ സ്വയം പ്രതിഷ്ഠിക്കുന്ന വലിയ അപകട സാദ്ധ്യതയെക്കുറിച്ച് പാപ്പ ഓര്‍മിപ്പിക്കുന്നു. സഭയില്‍ ചില സമയങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നു. തിരക്കുപിടിച്ച് ഓടിനടക്കുമ്പോള്‍ എല്ലാം നമ്മെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചിന്തിക്കുകയും അവസാനം, യേശുവിനെ അവഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് യേശു, തന്നോടൊപ്പം അല്‍പ്പം വിശ്രമിക്കാന്‍ ഏകാന്തമായ സ്ഥലത്തേക്കു ക്ഷണിക്കുന്നത്. അത് ശാരീരിക വിശ്രമം മാത്രമല്ല, ഹൃദയത്തിനുള്ള വിശ്രമം കൂടിയാണ്.

യഥാര്‍ഥത്തില്‍ വിശ്രമിക്കുന്നത് എങ്ങനെയാണെന്നും മാര്‍പ്പാപ്പ പറഞ്ഞുതരുന്നു. നാം നമ്മുടെ ഹൃദയത്തിലേക്കു മടങ്ങേണ്ടതുണ്ട്. അതിനായി തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും നിശബ്ദതയിലും പ്രാര്‍ത്ഥനയിലും മുഴുകുകയും വേണം. ഇത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമ്മെ സഹായിക്കുന്നു. യേശു ജനക്കൂട്ടത്തിന്റെ ആവശ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നില്ല. അവിടുന്ന് എപ്പോഴും മറ്റുള്ളവരെ സേവിക്കുന്നു. അതേസമയം, എല്ലാ ദിവസവും, അവിടുന്ന്, ഏകനായി, പ്രാര്‍ഥനയിലും നിശബ്ദതയിലും പിതാവിനോടുള്ള ഉറ്റബന്ധത്തിലും ചിലവഴിക്കുന്നു. അവിടുത്തെ ആര്‍ദ്രമായ ക്ഷണം - അല്‍പ്പം വിശ്രമിക്കുക എന്നത് നമ്മോടൊപ്പം ഉണ്ടായിരിക്കണം. ഒരു ഇടവേള എങ്ങനെയാണ് എടുക്കുന്നത്. മൊബൈല്‍ ഫോണ്‍ ഓഫാക്കി പരസ്പരം നമുക്കു ശ്രദ്ധിക്കാം. നിശബ്ദത വളര്‍ത്തിയെടുക്കാനും പ്രകൃതിയെക്കുറിച്ച് ധ്യാനിക്കാനും ദൈവവുമായുള്ള സംഭാഷണത്തിലൂടെ സ്വയം പുനരുജ്ജീവിപ്പിക്കാനും നമുക്കു കഴിയണം-മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ സുവിശേഷത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കുമ്പോള്‍, യേശുവിനും ശിഷ്യന്മാര്‍ക്കും മതിയായ വിശ്രമം ലഭിക്കുന്നില്ലെന്നു കാണാം. സഹായത്തിനായി ജനക്കൂട്ടം അവരുടെ അടുത്തേക്ക് വരുന്നു. കര്‍ത്താവ് അനുകമ്പയോടെ അവരെ സമീപിക്കുന്നു. ജനങ്ങളെ സഹായിക്കാനായി തന്റെ സമയം ചെലവഴിക്കുന്നു. ഇത് ഒരു വൈരുദ്ധ്യമാണെന്ന് തോന്നിയേക്കാമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

വാസ്തവത്തില്‍, തിരക്കില്‍ മുഴുകാതെയും തന്നെത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാതെയുമിരിക്കുന്ന ഹൃദയത്തിനു മാത്രമേ അലിവുള്ളതാകാന്‍ സാധിക്കൂ. മറ്റുള്ളവരെക്കുറിച്ചും അവരുടെ മുറിവുകളെയും, ആവശ്യങ്ങളെയുംക്കുറിച്ച് ചിന്തിക്കാനും കഴിയുകയുള്ളു.

അനുകമ്പ ജനിക്കുന്നത് ധ്യാനത്തില്‍ നിന്നാണ്. യഥാര്‍ഥ അര്‍ഥത്തില്‍ വിശ്രമിക്കാന്‍ പഠിക്കുന്നതിലൂടെ നാം ആത്മാര്‍ത്ഥമായി അനുകമ്പയുള്ളവരാകും. നാം കര്‍ത്താവിനോട് ചേര്‍ന്നുനില്‍ക്കുകയും നാം ആരാണെന്നത് സത്യസന്ധമായിരിക്കുകയും ചെയ്യുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നമ്മെ ശ്വാസം മുട്ടിക്കുകയില്ല. അവസാനമായി മാര്‍പ്പാപ്പ അതിനെ സംഗ്രഹിച്ച് പറഞ്ഞത് ഇപ്രകാരമാണ്. വിശ്രമവും ധ്യാനവും അനുകമ്പയും ചേര്‍ന്ന ഒരു ഹൃദയത്തിന്റെ ആവാസവ്യവസ്ഥയാണ് നമുക്ക് വേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.