കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍: ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍: ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ന്യൂഡൽഹി:  കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ചാണ് കേസ് പരിഗണിക്കുക.

കേരളത്തില്‍ ഇളവുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിശദമായ മറുപടി ഇന്നലെ തന്നെ നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിച്ചത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ട്. ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പെരുന്നാള്‍ പ്രമാണിച്ച്‌ കേരളത്തില്‍ മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസുകള്‍ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവത്തെ ഇളവുകള്‍ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചത്. 

എന്നാൽ ബക്രീദ് പ്രമാണിച്ച്‌ ഇന്നു പ്രഖ്യാപിച്ചിരുന്ന പൊതു അവധി നാളത്തേക്കു മാറ്റി. സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു പ്രവൃത്തിദിവസമായിരിക്കും.

റേഷന്‍ കടകള്‍ക്ക് ഇന്നു പ്രവൃത്തിദിവസവും നാളെ അവധിയുമാണെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിലുള്ള സ്ഥാപനങ്ങള്‍ക്കും ഉത്തരവു ബാധകമാണ്.

വിവിധ സർവകലാശാലകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ പരീക്ഷാക്രമം വെബ്സൈറ്റില്‍ ലഭിക്കും എംജിയില്‍ പുതിയ തീയതി പിന്നീട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.