ബക്രീദ് ഇളവ്: കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

ബക്രീദ് ഇളവ്: കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി

ന്യുഡല്‍ഹി: ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി. സത്യവാങ്മൂലത്തിന് അനുബന്ധമായി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ അസത്യമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടകളും ചെരുപ്പ് കടകളും തുറക്കുമെന്ന് രേഖകളില്‍ കാണാനില്ലെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ നിരീക്ഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ കണ്ണുംപൂട്ടി പറയുകയാണെന്നും ഇളവുകള്‍ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.

തന്‍വാര്‍ കേസില്‍ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സമ്മര്‍ദത്തിന് വഴങ്ങിയുള്ള കോവിഡ് ഇളവ് തീരുമാനം ദയനീയമാണെന്ന് സുപ്രിംകോടതി പറഞ്ഞു. പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്നായിരുന്നു കേരളത്തിന്റെ വിശദീകരണം. ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കോവിഡ് കേസുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയില്‍ കേരളം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ പെരുന്നാള്‍ ഇളവുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്നലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. ഇന്നലെ തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സ്റ്റാന്റിംഗ് കൗണ്‍സലിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. തുടര്‍ന്നാണ് സംസ്ഥാനം ഇന്നലെ തന്നെ മറുപടി സമര്‍പ്പിച്ചത്.

വ്യവസായിയായ ന്യൂഡല്‍ഹി സ്വദേശി പി കെ ഡി നമ്പ്യാര്‍ ആണ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ കേരളത്തിലാണെന്ന് ഹര്‍ജിക്കാരനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കടകള്‍ എല്ലാം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പടിവാതിലില്‍ എത്തിനില്‍ക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് വ്യാപക വിമര്‍ശനം.

വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കി. രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകള്‍ ബാധകമാവുക. ഡി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളില്‍ നാളെ ഒരു ദിവസത്തേക്ക് പെരുന്നാള്‍ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.