കോവിഡ് രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഒക്‌സിജന്‍ ലഭ്യമാകാതെ രാജ്യത്ത് മരണമടഞ്ഞത് നിരവധിയാളുകളാണ്. ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം ഇക്കാര്യം പല തവണ റിപ്പോര്‍ട്ട് ചെയ്തതുമാണ്. ചിത്രത്തില്‍ കാണുന്നതുപോലെ 'ഓക്‌സിജന്‍ സപ്ലേ ഇല്ലാത്തതിനാല്‍ അഡ്മിഷന്‍ നിര്‍ത്തി വച്ചിരിക്കുന്നു' എന്ന നോട്ടീസ് പതിച്ചത് ഡല്‍ഹിയിലെ ഒരു ഹോസ്പിറ്റലിന്റെ മാത്രം ഗേറ്റിലല്ല.
നിരവധി ആശുപത്രികള്‍ക്കു മുന്നില്‍ ഇത്തരം ബോര്‍ഡുകളും നോട്ടീസുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചവര്‍ നിരവധിയാണ്. എന്നിട്ടും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറയുന്നു രാജ്യത്ത് ഓക്സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന്. അതും രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയായി.
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്സിന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.
എന്നാല്‍ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. എല്ലാവര്‍ക്കും സത്യമറിയാമെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. വിഷയത്തില്‍ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും അദേഹം വ്യക്തമാക്കി.
'രാജ്യത്ത് ഇതുവരെ ആരും ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ഓരോ സംസ്ഥാനത്തും എത്ര മരണമുണ്ടായെന്ന് നമുക്കറിയാം. നമ്മള്‍ എല്ലാവരും കണ്ടതാണ്'- വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത വന്‍തോതില്‍ വര്‍ധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടണ്‍ ആയിരുന്നു മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയെങ്കില്‍ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഓക്സിജന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.
രണ്ടാം തരംഗത്തിനിടെ ഓക്സിജന്റെ ക്ഷാമം മൂലം നിരവധി കോവിഡ് രോഗികള്‍ ആശുപത്രികളിലടക്കം മരിച്ചുവെന്ന കാര്യം ശരിയല്ലേ എന്ന ചോദ്യത്തിന് ആരോഗ്യം സംസ്ഥാന വിഷയമാണെന്നായിരുന്നു കാര്യം കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിന്റെ മറുപടി.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് കേസുകളുടെയും മരണങ്ങളുടെയും വിവരങ്ങള്‍ പ്രതിദിനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുന്നുണ്ട്. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് സംബന്ധിച്ച വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഓക്സിജന്‍ ക്ഷാമം മൂലമുണ്ടായ ഒരു മരണം പോലും സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നാണ് മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.