തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയുണ്ടായേക്കില്ല. എ.കെ.ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഫോണ്‍വിളി വിവാദത്തില്‍ വിശദീകരണം നല്‍കി. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്ന് സൂചന.
രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. തനിക്കു പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടോ എന്നു പറയേണ്ടതു മുഖ്യമന്ത്രിയാണെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോയും പ്രതികരിച്ചു.
പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് അദേഹം പറഞ്ഞിട്ടില്ല. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്നം തീരുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതു കൊണ്ടാണ് വിളിച്ചത്. വിഷയം അന്വേഷിക്കാന്‍ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ അവിടെ പോയി ബന്ധപ്പെട്ടവരെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി സി ചാക്കോ വ്യക്തമാക്കി.
കേസില്‍ ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചതില്‍ മുഖ്യമന്ത്രിയുടെ വിലയിരുത്തലും സമാനമാണെന്നാണ് സൂചന. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.
ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ലെന്നും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎമ്മും വിലയിരുത്തുന്നത്. മന്ത്രി എന്ന തരത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ ഏത് തരം കേസാണെന്ന് മനസിലാക്കുന്നതിലുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്നവും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് സിപിഎം.
പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന വിവാദം എന്‍സിപിയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുടെ കൂടി ഭാഗമാണെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെന്നും സൂചനയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.