ഗവ. പ്ലീഡര്‍മാരുടെ കരട് പട്ടികയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ നേട്ടം; പത്ത് പേര്‍ പട്ടികയില്‍, ചെറുപാര്‍ട്ടികള്‍ പുറത്ത്

ഗവ. പ്ലീഡര്‍മാരുടെ കരട് പട്ടികയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ നേട്ടം; പത്ത് പേര്‍ പട്ടികയില്‍, ചെറുപാര്‍ട്ടികള്‍ പുറത്ത്

തിരുവനന്തപുരം: ഇടതുമുന്നണി തയ്യാറാക്കിയ ഹൈക്കോടതിയിലേക്കും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുമുള്ള ഗവ. പ്ലീഡര്‍മാരുടെ കരട് പട്ടികയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ നേട്ടം.

രണ്ട് ജനതാദള്‍ ഗ്രൂപ്പുകളും എന്‍.സി.പിയുമടക്കമുള്ള ചെറുകക്ഷികളെല്ലാം തഴയപ്പെട്ടപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പത്ത് പ്രതിനിധികള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചു. 28ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പട്ടിക അംഗീകാരത്തിനായി എത്തിയേക്കും.

എന്നാല്‍ തങ്ങള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടതില്‍ ഇടതു മുന്നണിയിലെ ചെറുപാര്‍ട്ടികള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ പത്ത് പ്രതിനിധികള്‍ പട്ടികയില്‍ എത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പ്രതിഷേധം ഇടതു മുന്നണി കണക്കിലെടുക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

ആയിരത്തോളം അപേക്ഷകളില്‍ നിന്നാണ് 135 പേരുടെ കരട് പട്ടികയ്ക്ക് രൂപം നല്‍കിയത്. ഇതില്‍ 105 പേര്‍ സി.പി.എമ്മിന്റെയും,20 പേര്‍ സി.പി.ഐയുടെയും 10 പേര്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെയും പ്രതിനിധികളാണ്. മാണി ഗ്രൂപ്പിന് മുന്നണിയില്‍ കിട്ടുന്ന സ്വീകാര്യതയുടെ തെളിവാണ് ഈ പ്രാതിനിധ്യമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

സി.പി.എമ്മിന്റെ അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനും സി.പി.ഐയുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ലോയേഴ്‌സുമാണ് പ്രധാനമായും പ്ലീഡര്‍ സാധ്യതാ പട്ടികയിലേക്ക് പേരുകള്‍ കൈമാറിയത്. മികവും കഴിവും പരിഗണിച്ചാകും പ്ലീഡര്‍ നിയമനമെന്നാണ് സര്‍ക്കാര്‍ വാദം.എന്നാല്‍ പ്ലീഡര്‍മാരെ വലിയ ശമ്പളത്തിന് നിയമിച്ചിട്ടും വിവാദ കേസുകളില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി പുറത്ത് നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് നിയമ വൃത്തങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്.

അതേസമയം അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ സ്ഥാനത്തിനായി സി.പി.എമ്മും സി.പി.ഐയും അവകാശവാദമുന്നയിക്കുന്നുണ്ട്. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.