കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനായി മക്കള്‍ക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നല്‍കി. പബ്ജി കളിക്കാനായി ഒന്‍പതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളും ബന്ധുവായ കുട്ടിയും അമ്മ അറിയാതെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത് ഒരു ലക്ഷം രൂപ. ഇതറിയാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തന്റെ രണ്ട് മക്കളും ബന്ധുവായ കുട്ടിയും ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. ഓണ്‍ലൈന്‍ പഠനത്തിനാണ് മക്കള്‍ക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നല്‍കിയത്.
നിരോധിച്ച 'പബ്ജി'യാണ് ഇവര്‍ കളിച്ചിരുന്നതെന്നു സൈബര്‍ പൊലീസ് പറയുന്നു. ഗെയിമിന്റെ പുതിയ ഘട്ടങ്ങള്‍ പിന്നിടാന്‍ മൂവര്‍ക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്‌വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികള്‍ അക്കൗണ്ടില്‍ നിന്നു പണം എടുക്കുകയായിരുന്നു.
എന്നാല്‍ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയപ്പോഴും പേടികാരണം കുട്ടികള്‍ മൂവരും ഇക്കാര്യം വീട്ടില്‍ അറിയിക്കാന്‍ മുതിര്‍ന്നില്ല. പിന്നീട് സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ പി രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ വെളിച്ചത്തുവന്നത്.
ഓണ്‍ലൈന്‍ പഠനത്തിന് മക്കള്‍ക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നല്‍കുന്ന രക്ഷിതാക്കള്‍ തീര്‍ച്ചയായും ഈ കാര്യം അറിഞ്ഞിരിക്കണം. അവര്‍ ഫോണില്‍ എന്തൊക്കെ ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കണം. അശ്രദ്ധമൂലം ഒരു വീട്ടമ്മയ്ക്ക് ബാങ്ക് അക്കൗണ്ടില്‍നിന്ന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.