മാര്‍പാപ്പയുടെ ഹംഗറി, സ്ലൊവാക്യന്‍ പര്യടനം സെപ്റ്റംബര്‍ 12 മുതല്‍

മാര്‍പാപ്പയുടെ ഹംഗറി, സ്ലൊവാക്യന്‍ പര്യടനം സെപ്റ്റംബര്‍ 12 മുതല്‍

ഹംഗറിയില്‍ ഏഴ് മണിക്കൂര്‍ മാത്രം; തിരക്കിട്ട പരിപാടികള്‍;
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും

വത്തിക്കാന്‍: മൂന്നു ദിവസത്തെ സ്ലൊവാക്യന്‍ സന്ദര്‍ശനത്തിനായുള്ള യാത്രാമധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്റ്റംബര്‍ 12 ന് ഹംഗറിയില്‍ ഏഴു മണിക്കൂര്‍ മാത്രം തങ്ങി സുപ്രധാന പരിപാടികളില്‍ സംബന്ധിക്കും. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ഹീറോസ് സ്‌ക്വയറിലുള്ള മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പ്രസിഡന്റ് ജാനോസ് ആഡറുമായും പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായും മാര്‍പാപ്പ അര മണിക്കൂര്‍ കൂടിക്കാഴ്ച നടത്തും.

ഹംഗറിയിലേക്കുള്ള യാത്ര ഹ്രസ്വമാക്കിയത് ആ രാജ്യത്തിന്റെ ചില നയങ്ങളോടുള്ള വിയോജിപ്പു മൂലമാണെന്ന അഭ്യൂഹം വത്തിക്കാന്റെ വിദേശ കാര്യങ്ങളുടെ മുഖ്യ ചുമതല വഹിക്കുന്ന ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലഗെര്‍ തള്ളിക്കളഞ്ഞു. 'അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ ബുഡാപെസ്റ്റിലേക്ക് പോകുന്നതെന്ന് മാര്‍പ്പാപ്പ നേരത്തെ തന്നെ വ്യക്തമായിരുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 12 ന് രാവിലെ ആറിന് റോമിലെ ഫിയാമിനിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹംഗറിയിലേക്ക് പുറപ്പെടുന്ന മാര്‍പാപ്പ ബുഡാപെസ്റ്റില്‍ 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപന ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും രാഷ്ട്ര നേതാക്കളെ കാണുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താ വിഭാഗം അറിയിച്ചു.

പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയ ശേഷം രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരെ മാര്‍പ്പാപ്പ അഭിസംബോധന ചെയ്യും. തുടര്‍ന്ന് എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് പ്രതിനിധികളെയും ജൂത സമൂഹ പ്രതിനിധികളെയും കാണും. ഉച്ചയ്ക്ക് 2.30 ന് സ്ലൊവാക്യന്‍ തലസ്ഥാനമായ ബ്രാട്ടിസ്ലാവയിലേക്ക് പുറപ്പെടും.


ഹംഗറിയിലെ കത്തോലിക്കര്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് എസ്റ്റര്‍ഗാം-ബുഡാപെസ്റ്റ് അതിരൂപതാധ്യക്ഷനെന്ന നിലയില്‍ മുഖ്യ ആതിഥേയത്വം വഹിക്കുന്ന കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡെ പറഞ്ഞു. 'മാഹാമാരി അവസാനിച്ചതിനുശേഷമുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രത്യാശയുടെ അടയാളവും ഒരു പുതിയ തുടക്കവുമാകാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു'- അദ്ദേഹം പറഞ്ഞു. സെപ്റ്റംബറില്‍ ഹംഗറിയും സ്ലൊവാക്യയും സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈ നാലിന് ഉദര ശസ്ത്രക്രിയയ്ക്കു പോകുന്നതിനു മുമ്പായി പ്രഖ്യാപിച്ചിരുന്നു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ യൂക്കറിസ്റ്റ് കോണ്‍ഗ്രസ് 2020 ല്‍ നടത്താനാണ്് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് മൂലം 2021 ലേക്ക് മാറ്റുകയായിരുന്നു. 1996 ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഹംഗറി സന്ദര്‍ശിച്ചിരുന്നു. 9.8 ദശലക്ഷം ജനസംഖ്യയുള്ള ഹംഗറിയില്‍ 62 ശതമാനം കത്തോലിക്കരാണ്. ഓസ്ട്രിയ, സെര്‍ബിയ, ക്രൊയേഷ്യ, സ്ലൊവേനിയ, റൊമാനിയ, ഉക്രെയ്ന്‍, സ്ലൊവാക്യ എന്നിവയുമായി അതിര്‍ത്തികളുള്ള രാജ്യം അവസാനമായി ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിച്ചത് 1938 ലാണ്.

സ്ലോവാക്യന്‍ പ്രസിഡന്റ്, മെത്രാന്മാര്‍, പുരോഹിതന്മാര്‍, മതനേതാക്കള്‍ തുടങ്ങിയവരുമായി 13ന് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് 'റോമ' എന്ന നാടോടി സമൂഹവുമായി സംവദിക്കുന്ന മാര്‍പാപ്പ 15ന് സാസ്റ്റിനില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം റോമിലേക്കു മടങ്ങും. രാജ്യത്തെ ജനസംഖ്യയുടെ 76 ശതമാനം ക്രൈസ്തവരാണ്. കോവിഡ് പ്രതിരോധ കുത്തിവയ്പ് പൂര്‍ണ്ണമായി എടുത്തവര്‍ക്ക് മാത്രമേ സ്ലോവാക്യയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ഇടയിടങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി വ്‌ളാഡിമര്‍ ലെങ്വാര്‍സ്‌ക അറിയിച്ചു.

നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് പാപ്പയുടെ സന്ദര്‍ശന പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. പാപ്പയുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ നിബന്ധന വഴി വാക്സിനേഷന്‍ താല്‍പ്പര്യം ഉയര്‍ത്താനാകുമെന്ന് ഭരണകൂടം കരുതുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.