കൊച്ചി: എറണാകുളം പച്ചാളത്ത് സ്ത്രീധനത്തിനു വേണ്ടി യുവതിയെ മര്‍ദിക്കുകയും പിതാവിന്റെ കാല് തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കേസെടുക്കാതിരുന്ന എറണാകുളം നോര്‍ത്ത് സിഐയോട് ഹാജരാകാന്‍ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു.
ജൂലൈ 29ന് തിരുവനന്തപുരത്ത് നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജിയാണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീധനത്തിന്റെ പേരില്‍ ചക്കരപ്പറമ്പ് സ്വദേശിനി ഡയാനയെയും പിതാവ് ജോര്‍ജിനെയും പ്രതി ജിപ്‌സണ്‍ ക്രൂരമായി മര്‍ദിച്ച് കാലൊടിച്ചിട്ടും നിസാര വകുപ്പുകള്‍ മാത്രം ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു പൊലീസ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് വെള്ളിയാഴ്ച പൊലീസ് കേസെടുത്തത്. ഇതിനിടെ പ്രതി ജിപ്‌സണ്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീധന നിരോധന നിയമപ്രകാരം ജിപ്‌സണും മാതാപിതാക്കള്‍ക്കും എതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും ഡയാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നു പറയുന്നു. മൂന്നുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരിലാണ് ജിപ്‌സണ്‍ ഡയാനയെ മര്‍ദിക്കുകയും ഭാര്യാപിതാവിന്റെ കാല്‍ തല്ലിയൊടിക്കുകയും ചെയ്തത്. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഡയാനയുടെ സ്വര്‍ണം കൈക്കലാക്കാനായിരുന്നു ജിപിസന്റെയും മാതാപിതാക്കളുടെയും ശ്രമം.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇദേഹത്തിന്റെ വാരിയെല്ലിനു പൊട്ടലുണ്ടെങ്കിലും ആശുപത്രിയില്‍നിന്നു നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ വിവരം കാണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പ്രതിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതികളെ സംരക്ഷിക്കാന്‍ പ്രധാനമായും ഇടപെടുന്നതെന്ന് കുടുംബവും ആക്ഷന്‍ കൗണ്‍സിലും ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.