തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ആറു മാസത്തിലൊരിക്കല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വകുപ്പ് മേധാവികള്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നല്‍കണം. സ്ത്രീധന പീഡന മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പം ഹൈക്കോടതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയായ ഇന്ദിരാ രാജന്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണവും തേടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരേയും ഉള്‍പ്പെടുത്തിയത്. കൂടാതെ സ്വയംഭരണ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം. വിവാഹം നടന്ന് ഒരു മാസത്തിനകം വകുപ്പ്് മേധാവികളോ സ്ഥാപന മേധാവികളോ സത്യവാങ്മൂലം വാങ്ങിയിരിക്കണം.
സത്യവാങ്മൂലത്തില്‍ തസ്തികയും ഓഫീസും വ്യക്തമാക്കണം. പിതാവിന്റേയും ഭാര്യയുടേയും ഭാര്യാപിതാവിന്റേയും ഒപ്പും ഇതില്‍ നിര്‍ബന്ധമാണ്. ഇതിന്റെ മാതൃകയും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാരിന്റെ ഭാഗമായ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും സ്ത്രീധനം വാങ്ങുന്നതില്‍ നിന്നും മുക്തരല്ലെന്നതു ലജ്ജിപ്പിക്കുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
റിപ്പോര്‍ട്ട് ആറു മാസത്തിലൊരിക്കല്‍ ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് നല്‍കണം. ഈ കാലയളവില്‍ എത്ര ജീവനക്കാര്‍ വിവാഹം കഴിച്ചുവെന്നും എത്രപേര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇതില്‍ വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സത്യവാങ്മൂലം നല്‍കാതിരുന്നാലും വ്യാജ സത്യവാങ്മൂലം നല്‍കിയാലും വകുപ്പുതല നടപടിയും നിയമനടപടിയും നേരിടേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.