ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് മൂന്ന് മാസം പിന്നിട്ടു. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. ഏപ്രില്‍ 24 ന് 10 ദിവസത്തേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിന്നീട് നീട്ടുകയായിരുന്നു. യുഎഇയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏറ്റവും ഒടുവില്‍ വ്യക്തമാക്കിയത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനവിലക്ക് തുടരുമെന്നാണ്.
ജോലി മാറുന്നതിനും അവധിക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി നാട്ടിലേക്ക് പോയ മലയാളികള്‍ അടക്കമുളള ആയിരങ്ങള്‍ പ്രവേശനവിലക്കെന്ന് മാറുമെന്നറിയാതെ ആശങ്കയിലാണ്. ഓഗസ്റ്റോടെ യുഎഇ പ്രവേശന വിലക്ക് നീക്കുമെന്നുളള പ്രതീക്ഷയിലാണ് അവർ. വിസാ കാലാവധി തീർന്നവരും നിരവധി. ഇതിലും യുഎഇയുടെ ആനൂകൂല്യമാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്.
ഖത്തറും അർമേനിയയും വഴി യുഎഇയിലേക്ക്
ഖത്തർ ഇന്ത്യാക്കാർക്ക് വിസ ഓണ്‍ അറൈവല്‍ അനുവദിച്ചതോടെ ആ വഴി യുഎഇയിലേക്കെത്താന്‍ നോക്കുകയാണ് പലരും. അർമീനിയ, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ വഴിയും യുഎഇയിലേക്ക് പ്രവേശിക്കാം. ഈ രാജ്യങ്ങളില്‍ 14 ദിവസം തങ്ങിയ ശേഷമാണ് യുഎഇയിലേക്ക് എത്തേണ്ടത്. ഇതിന് ലക്ഷങ്ങളുടെ ചെലവുണ്ടെന്നതിനാല്‍ സാധാരണക്കാർക്ക് ഈ വഴി എളുപ്പവുമല്ല. മാത്രമല്ല, ഈ രാജ്യങ്ങളില്‍ നിന്നും വിലക്ക് ഏർപ്പെടുത്തിയാലോയെന്നുളള ചിന്തയും പലരെയും പിന്നോട്ട് നിർത്തുന്നു.
അവധിക്ക് നാട്ടിലെത്തിയ പലർക്കും വരുമാന മാർഗമില്ല. ഏത് നിമിഷവും തിരിച്ചുവരേണ്ടിവരുമെന്നുളളതിനാല്‍ മറ്റ് ജോലിക്കും ശ്രമിക്കാനാവില്ല. പലരും കൂലിപ്പണിക്ക് പോയാണ് നിത്യചെലവിനുളള പണം കണ്ടെത്തുന്നത്. തിരിച്ചുവരവ് നീണ്ടാല്‍ കമ്പനി മറ്റൊരാളെ കണ്ടെത്തുമെന്നുളള യാഥാർത്ഥ്യവും പലരെയും ആശങ്കയിലാക്കുന്നു.
വാക്സിന്റെ രണ്ടുഡോസുമെടുത്ത് കാത്തിരിക്കുന്നവർ
ദുബായ് ദുരന്ത നിവാരണ അതോറിറ്റി യാത്രാ മാനദണ്ഡങ്ങള്‍ ഇതിനിടെ പ്രഖ്യാപിച്ചത് പ്രതീക്ഷ നല്‍കിയിരുന്നു. യുഎഇ അംഗീകരിച്ച വാക്സിനെടുക്കമെന്നുളളതുളളതായിരുന്നു ഒരു നിബന്ധന. അത് പ്രകാരം വാക്സിനെടുത്തവർ അധികം വൈകാതെ തിരിച്ചെത്താമെന്ന് പ്രതീക്ഷിച്ചുവെങ്കിലും വിമാനസർവ്വീസിന് യുഎഇയുടെ അനുമതി ലഭിച്ചില്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് പിസിആർ പരിശോധന സൗകര്യവും ഇതിനിടെ ഒരുക്കി. സർവ്വീസ് തുടങ്ങുമെന്ന സൂചനകള്‍ എയർലൈനുകള്‍ നല്‍കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഒരുക്കങ്ങള്‍ പൂർത്തിയാക്കിയതെങ്കിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ വിമാനസർവ്വീസുകളുണ്ടാവില്ലെന്ന യുഎഇ വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ചു
കേന്ദ്രസർക്കാരിന്റെ ഇടപെടല്‍
വാക്സിനെടുത്തവർക്കെങ്കിലും യുഎഇയിലേക്ക് തിരിച്ചുവരാനുളള അനുവാദത്തിനായി നയതന്ത്ര നീക്കങ്ങള്‍ ഇന്ത്യ നടത്തണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യമായതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നുളളതാണ് വസ്തുത. യാത്ര അനുമതിയുടെ കാര്യത്തില്‍ യുഎഇയുടെ അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് സാധാരണ പ്രവാസികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.