തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിനായി സര്‍ക്കാര്‍ നല്‍കിയ ലാപ്‌ടോപ്പുകള്‍ കാഴ്ചവസ്തു മാത്രമാണെന്ന് പരാതി. സര്‍ക്കാര്‍ പങ്കാളിത്തമുള്ള ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ കോക്കോണിക്‌സ് കമ്പനിക്കെതിരെയാണ് പരാതി. വിദ്യാശ്രീ പദ്ധതിയില്‍ ലാപ്‌ടോപ്പ് കിട്ടുന്നില്ലെന്ന പരാതികള്‍ കൂടുമ്പോഴാണ് കിട്ടിയ ലാപ്‌ടോപ്പുകള്‍ക്കെതിരെ പരാതികള്‍ ഉയരുന്നത്.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളില്‍ നിന്നും ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്‌ടോപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. 49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്പനി വിതരണം ചെയ്ത ലാപ്‌ടോപ്പുകള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനാകുന്നില്ലെന്നാണ് ആക്ഷേപം.
ഒന്നോ രണ്ടോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കൂടുതല്‍ ലാപ്‌ടോപ്പില്‍ നിന്ന് പങ്കെടുക്കാന്‍ ആയിട്ടില്ലെന്ന് കുട്ടികള്‍ പറയുന്നു. ഓണ്‍ ചെയ്യാന്‍ പോലുമാകാതെ ലാപ്‌ടോപ്പ് ഇപ്പോള്‍ വെറുതെ ഇരിക്കുകയാണെന്ന് പലരും വ്യക്തമാക്കുന്നു. പതിനയ്യായിരം രൂപയാണ് ലാപ്‌ടോപ്പിന്. മാസം അടവ് അഞ്ഞൂറു രൂപയും. എട്ടാംക്ലാസുകാരന്‍ ആയുഷിന് മൂന്ന് തവണയാണ് ലാപ്‌ടോപ്പ് മാറ്റി നല്‍കിയത്. കോക്കോണിക്‌സിനും കെഎസ്എഫ്ഇക്കും കുടുംബശ്രീക്കും എല്ലാം പരാതികള്‍ അറിയിച്ച് രക്ഷിതാക്കള്‍ മടുത്തു. ലാപ്‌ടോപ്പ് കിട്ടിയവര്‍ തവണ മുടക്കിയാല്‍ പിഴ പലിശ ഈടാക്കുമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്.
പിഴവ് കോക്കോണിക്‌സും സമ്മതിക്കുന്നു. 2100ഓളം ലാപ്‌ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇരുപത് ശതമാനം ലാപ്‌ടോപ്പില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് മറുപടി. ഇത് മാറ്റി നല്‍കാന്‍ നടപടിയെടുക്കുമെന്നാണ് പ്രതികരണം. കരാറില്‍ ഏര്‍പ്പെട്ട എച്ച്പി, ലെനോവൊ കമ്പനികളുടെ ലാപ്‌ടോപ്പുകളുടെ വിതരണവും എങ്ങുമെത്തിയില്ല. 2020ല്‍ സര്‍ക്കാര്‍ വിദ്യാശ്രീ പദ്ധതി പ്രഖ്യാപിച്ചത് മുതല്‍ ഒന്നൊന്നായി അബദ്ധങ്ങള്‍. പണം വാങ്ങാനല്ലാതെ പ്രശ്‌ന പരിഹാരത്തിന് മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.