വ്യാജ സമ്മതപത്രം നൽകി തട്ടിപ്പ്; യുഎഇയിലേക്ക് വരാനിരിക്കുന്നവ‍ർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

വ്യാജ സമ്മതപത്രം നൽകി തട്ടിപ്പ്; യുഎഇയിലേക്ക് വരാനിരിക്കുന്നവ‍ർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദുബായ്: ഇന്ത്യയിലെ യുഎഇ എംബസിയുടേതെന്ന് ബോധ്യപ്പെടുത്തി യുഎഇയിലേക്ക് വരാനുളള വ്യാജ സമ്മതപത്രം നൽകി തട്ടിപ്പ്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരാകണമെന്ന് യുഎഇയിലേക്ക് വരാനിരിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് ഡൽഹിയിലെ യുഎഇ എംബസി മുന്നറിയിപ്പ് നല്‍കി. യുഎഇയിലെ ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് എംബസിയുടേതെന്ന് ബോധ്യപ്പെടുത്തി uaeembassy.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാന്‍ ആവശ്യപ്പെടുകയും സമ്മതപത്രത്തിനായി ഫീസ് അടക്കാന്‍ നിർദ്ദേശിക്കുകയും ചെയ്യുന്നു.

എംബസിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റും അഡ്രസും

ജോലിക്കും മറ്റുമായി യുഎഇയിലേക്ക് എത്തേണ്ടവ‍ർ രണ്ടാമതൊന്ന് ആലോചിക്കാതെ പണമടക്കുകയും തട്ടിപ്പില്‍ വീഴുകയും ചെയ്യുന്നു. mofaic.gov.ae എന്നതാണ് ഡൽഹിയിലെ യുഎഇ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ മന്ത്രി എ കെ ബാലന്റെ മകന്‍ നവീന്‍ ബാലനും ഭാര്യയ്ക്കും ഇത്തരത്തില്‍ പണമടയ്ക്കാനുളള സന്ദേശം ലഭിച്ചിട്ടുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് സൂചനയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

യാത്രാവിമാന സർവ്വീസുകള്‍ ആഗസ്റ്റ് രണ്ട് വരെയില്ല

യുഎഇയുടെ ദേശീയ വിമാനകമ്പനിയായ എത്തിഹാദ് വ്യക്തമാക്കുന്നത് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഗസ്റ്റ് രണ്ട് വരെ യാത്രാ വിമാനങ്ങളുടെ സർവ്വീസുണ്ടാവില്ലെന്നാണ്. ദുബായ് വിമാനകമ്പനിയായ എമിറേറ്റ്സ് അറിയിക്കുന്നത് ജൂലൈ 31 വരെ യാത്രാവിമാനങ്ങള്‍ സർവ്വീസ് നടത്തില്ല എന്നാണ്. ഇത് നീട്ടുമോയെന്നുളളതില്‍ തീരുമാനം യുഎഇ അധികൃതരുടേതാണെന്ന് രണ്ട് വിമാനകമ്പനികളും വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ഇക്കാര്യത്തില്‍ യുഎഇയുടെ തീരുമാനം. ഇന്ത്യയില്‍ നിന്നുമാത്രമല്ല, പാകിസ്ഥാന്‍ ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

യുഎഇയിലേക്ക് വരാം, എട്ട് വിഭാഗങ്ങള്‍ക്ക്

രാജ്യം നല്‍കിയിരിക്കുന്ന കോവിഡ് മാർഗനിർദ്ദേശങ്ങള്‍ പാലിച്ച് എട്ട് വിഭാഗങ്ങളിലുളളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടസമില്ല.

1. യുഎഇ സ്വദേശികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍
2. യുഎഇയിലേയും വിലക്ക് നേരിടുന്ന രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികള്‍
3. ഔദ്യോഗിക അതിഥികള്‍, മുന്‍കൂട്ടി അനുവാദം വാങ്ങിച്ച് യാത്രയാകാം.
4. എക്സ്പോ 2020യുടെ പങ്കാളികളും പ്രദർശകരും.
5.ഗോള്‍ഡന്‍, സില്‍വർ വിസയുളളവർ
6. കാ‍ർഗോ ജീവനക്കാർ, വിദേശകമ്പനികളിലെ ട്രാന്‍സിറ്റ് വിമാന ജീവനക്കാ‍ർക്ക്
7.വ്യാപാരികള്‍ക്ക് (തുറമുഖങ്ങളിലെയും അതിർത്തികളിലെയും ഫ്രീസോണുകളിലെയും ജനറല്‍ അതോറിറ്റിയുടെയും, അതത് എമിറേറ്റിലെ ദുരന്തനിവാരണ സംഘങ്ങളുടെ ഉന്നത സമിതികളുടെ തലവൻമാരുടെയും ഉള്‍പ്പടെ അനുമതിയോടെ)
8. ഫെഡറല്‍ അതോറിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നിഷ്കർഷിച്ചിട്ടുളള അടിയന്തരമേഖലകളില്‍ ജോലി ചെയ്യുന്നവർക്ക്

മാർഗനിർദ്ദേശമിങ്ങനെ

1. യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് വേണം. യഥാർത്ഥ പരിശോധനാഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂ‍ ആർ കോഡും നിർബന്ധം.
2. വന്നുകഴിഞ്ഞാല്‍ വിമാനത്താവളത്തിലെ പിസിആർ ടെസ്റ്റിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും ടെസ്റ്റ് നടത്തണം
3. 10 ദിവസത്തെ ക്വാറന്റീനും നിർബന്ധം
4. ട്രാക്കിംഗ് ഉപകരണം ധരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.