സിഡ്‌നി: അന്റാര്‍ട്ടിക് പര്യവേഷണ സംഘങ്ങളുടെ മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക്ക് സ്‌റ്റേഷനുകളില്‍ പുതിയ മദ്യനയം നടപ്പാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ ഗവേഷണ കേന്ദ്രങ്ങളില്‍ മദ്യം നിര്‍മിക്കുന്നതിന് നിരോധനവുമേര്‍പ്പെടുത്തി.
പര്യവേഷകരുടെ ലഹരിപാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടാണ് പുതിയ നയം നടപ്പാക്കിയിരിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവും ഉല്‍പാദനക്ഷമവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മദ്യ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ശുചിത്വം ഉറപ്പുവരുത്താതെയും സുരക്ഷിതമായി കൈകാര്യം ചെയ്യാതെയുമാണ് അന്റാര്‍ട്ടിക് മേഖലയിലെ പര്യവേഷകര്‍ മദ്യം നിര്‍മിക്കുന്നതെന്നു ശ്രദ്ധയില്‍പെട്ടതോടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
1992 ലാണ് ഇയാന്‍ മക്ലീന്‍ എന്ന ഗവേഷകന്‍ മേഖലയില്‍ പര്യവേഷണത്തിനായി എത്തിയത്. സാറ്റലൈറ്റ് ഉപകരണങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു മക്ലീന്റെ ജോലി. 1990 കളിലും 2000 ത്തിനുമിടയിലുള്ള പര്യവേഷണത്തിനിടയില്‍ ഗവേഷണ കേന്ദ്രത്തില്‍ മദ്യനിര്‍മാണവും ആരംഭിച്ചു. പിന്നീട് വന്ന ഗവേഷകരും മദ്യനിര്‍മാണത്തിലേക്കു ശ്രദ്ധ തിരിച്ചു.
ഗവേഷണ കേന്ദ്രങ്ങളില്‍ മികച്ചതും സുരക്ഷിതവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നയമെന്നു ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക് ഡിവിഷന്‍ ഡയറക്ടര്‍ കിം എല്ലിസ് പറഞ്ഞു.
അന്റാര്‍ട്ടിക്കയിലെ കഠിനമായ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ താമസിക്കുന്നതിന് മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്.
അന്റാര്‍ട്ടിക്ക പുറത്തുള്ളവര്‍ക്ക് ചിന്തിക്കാവുന്നതിലുമധികം അപകടം പിടിച്ച അന്തരീക്ഷമാണ്. വളരെ ചെറിയ പിഴവുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും എല്ലിസ് പറഞ്ഞു. ഡിവിഷനുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യവും തീരുമാനത്തിനു പിന്നിലുണ്ട്.
അധികം ജനസാന്ദ്രതയില്ലാത്ത പ്രദേശമാണ് അന്റാര്‍ട്ടിക്ക. അയ്യായിരത്തില്‍ത്താഴെ ആളുകള്‍ മാത്രമേ ഇവിടെ താമസിക്കുന്നത്. അതില്‍ കൂടുതലും ശാസ്ത്രജ്ഞരും ഗവേഷകരുമാണ്. മാത്രമല്ല, അധികമാളുകള്‍ക്കൊന്നും ഇവിടേക്ക് പ്രവേശനവും ലഭിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.