പരീക്ഷണത്തിന് മുതിരാതെ മൂന്നിലൊന്ന് ജി.പി.മാരെ നിലനിര്‍ത്തി സര്‍ക്കാര്‍

പരീക്ഷണത്തിന് മുതിരാതെ മൂന്നിലൊന്ന് ജി.പി.മാരെ നിലനിര്‍ത്തി സര്‍ക്കാര്‍

കൊച്ചി: നിലവിലുള്ള സർക്കാർ അഭിഭാഷകരിൽ മൂന്നിലൊന്നുപേരെ നിലനിർത്തി രണ്ടാം പിണറായി സർക്കാർ ഹൈക്കോടതിയിലെ അഭിഭാഷകരെ നിയമിച്ചു. മന്ത്രിമാരെ നിയമിച്ചപ്പോൾ നടത്തിയ പരീക്ഷണം ഹൈക്കോടതിയിൽ നടത്താതെയാണ് സർക്കാർ അഭിഭാഷകരിൽ മൂന്നിലൊന്ന് പേരെ നിലനിർത്തിയത് .

ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും പട്ടികയിലുണ്ട്. പുതുതായി ജി.പിമാരായി നിയമിക്കപ്പെട്ടവരിൽ ചിലർ ഹൈക്കോടതിയിൽത്തന്നെ പുതുമുഖങ്ങളാണ്. രണ്ടുതവണയിലേറെ സർക്കാർ അഭിഭാഷകരായവരെ മാറ്റി പുതിയ ആളുകൾക്ക് അവസരം നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ചിലരുടെ കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ട്. പാർട്ടിയിലെ സ്വാധീനം പ്രധാന മാനദണ്ഡമായി മാറിയെന്ന പരാതി ഉയർന്നിട്ടുണ്ട്.

സി.പി.ഐ.യുടെ അക്കൗണ്ടിൽ 15 പേരാണ് ഇത്തവണ സർക്കാർ അഭിഭാഷകരായിരിക്കുന്നത്. കഴിഞ്ഞതവണ 17 പേരാണ് സി.പി.ഐ.ക്കുണ്ടായിരുന്നത്. കേരള കോൺഗ്രസ്- അഞ്ച്, എൻ.സി.പി - മൂന്ന് എന്നിങ്ങനെയാണ് ജി.പിമാരുടെ വീതം വെപ്പ്.

കേരള കോൺഗ്രസ് ബി വിഭാഗത്തിനായി സീനിയർ ഗവ. പ്ലീഡറുടെ ഒരു തസ്തിക ഒഴിച്ചിട്ടിട്ടുണ്ട്. 20 സ്പെഷ്യൽ ഗവ. പ്ലീഡർ, 53 സീനിയർ ഗവ. പ്ലീഡർമാർ, 52 ഗവ. പ്ലീഡർമാർ എന്നിവരെ നിയമിച്ചുകൊണ്ടാണ് ഉത്തരവായിരിക്കുന്നത്.

ആഗസ്റ്റ് ഒന്നിന് ഇവർ ചുമതലയേക്കും. മൂന്നുവർഷത്തേക്കാണ് നിയമനം. 20 സ്പെഷ്യൽ ഗവ. പ്ലീഡർമാരിൽ അഞ്ചുപേർ വനിതകളാണ്. രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിയെ സീനിയർ ഗവ. പ്ലീഡറാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.