ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കപ്പെട്ട ഐ.എസ് യുവതിയെ സ്വീകരിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്

ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കപ്പെട്ട ഐ.എസ് യുവതിയെ സ്വീകരിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍: ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കപ്പെട്ട ഐ.എസ് യുവതിയെ ന്യൂസിലന്‍ഡ് സ്വീകരിക്കുന്നു. തീവ്രവാദ ബന്ധത്തെതുടര്‍ന്ന് യുവതിയുടെ പൗരത്വം രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഓസ്ട്രേലിയ റദ്ദാക്കിയപ്പോഴാണ് സ്വീകരിക്കാന്‍ തയ്യാറായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഓസ്‌ട്രേലിയയുടെ നടപടിയെ വിമര്‍ശിക്കാനും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുതിര്‍ന്നു. നിലവില്‍ രണ്ടു മക്കള്‍ക്കൊപ്പം തുര്‍ക്കിയിലാണ് 26 വയസുകാരിയായ യുവതി.

ന്യൂസിലന്‍ഡില്‍ ജനിച്ച സുഹൈറ ആഡേന്‍ ആറാം വയസില്‍ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് അവിടെ നിന്നും 2014-ലാണ് ഐ.എസില്‍ ചേരാനായി സിറിയയിലേക്കു പോകുന്നത്. രണ്ട് സ്വീഡിഷ് ഐഎസ് തീവ്രവാദികളെ യുവതി വിവാഹം കഴിച്ചു. സിറിയയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സുഹൈറയും കുട്ടികളും തുര്‍ക്കിയില്‍ വെച്ച് അറസ്റ്റിലാകുന്നത്. സുഹൈറ ഐ.എസ് ബന്ധമുള്ളയാളാണെന്നും തുര്‍ക്കിയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ തടവിലാക്കിയതെന്നും തുര്‍ക്കി അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സുഹൈറയുടെ പൗരത്വം തീവ്രവാദ ബന്ധത്തെതുടര്‍ന്ന് ഓസ്ട്രേലിയ റദ്ദാക്കിയത്. ഐ.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് പൗരത്വത്തിനുള്ള അര്‍ഹത നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞത്. എന്നാല്‍, സുഹൈറയെ സ്വീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചുകൊണ്ട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പ്രസ്താവനയിറക്കി്.

ന്യൂസിലന്‍ഡ് കൂടി പൗരത്വം റദ്ദാക്കിയാല്‍ സുഹൈറ രാജ്യമില്ലാത്തവളായി തീരുമെന്നാണ് ജസീന്തയുടെ വാദം. 'അവര്‍ തുര്‍ക്കിയുടെ ഉത്തരവാദിത്തത്തില്‍ പെടുന്നില്ല. ഇപ്പോള്‍ ഓസ്ട്രേലിയ കൂടി ആ കുടുംബത്തെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരിക്കുന്നതിലൂടെ അവര്‍ ഇപ്പോള്‍ നമ്മുടേതായി തീര്‍ന്നിരിക്കുകയാണ്,' ജസീന്ത പറഞ്ഞു.

ഓസ്ട്രേലിയ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും സുഹൈറയും മക്കളും ന്യൂസിലന്‍ഡിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു. എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചാണ് സുഹൈറയെ തിരിച്ചെത്തിക്കുന്നതെന്നും ജസീന്ത പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.