ന്യൂഡൽഹി: കേരളത്തിൽ കോവിഡ് വ്യാപന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് വയനാട് എം.പി. രാഹുൽ ഗാന്ധി.
കേരളീയർ സുരക്ഷാനടപടികളും മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 50 ശതമാനവും സംസ്ഥാനത്ത് നിന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശങ്ക അറിയിച്ചുകൊണ്ടുളള രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
'കേരളത്തിലെ ഉയരുന്ന കൊറോണ വൈറസ് ബാധ ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ എല്ലാ സഹോദരീ സഹോദരന്മാരോടും എല്ലാ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. സുരക്ഷിതരായിരിക്കൂ' എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
കേരളത്തിൽ കേസുകൾ കൂടി വരുന്നത് സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചിരുന്നു. നിലവിൽ മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, കണ്ണൂർ, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് കേസുകൾ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സംസ്ഥാനത്തെ ആറുജില്ലകളിൽ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടി.പി.ആർ.) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടി.പി.ആർ. 11.97 ശതമാനമാണ്. 1.54 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്തെ ആകെ രോഗികളുടെ 37.1 ശതമാനമാണ് ഇത്. ആഴ്ചയിൽ ശരാശരി 17,443 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നു. കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.