രണ്ടാം തവണയാണ് അദ്ദേഹം ആത്മഹത്യയുടെ വക്കിൽ എത്തുന്നത്. ഇപ്പോഴത്തേത് ആരും ശരിവച്ചുപോകുന്ന സംഭവം തന്നെ. ഒന്നും രണ്ടുമല്ല, ആയിരം തവണയാണ് അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നത്. ആയിരം പരീക്ഷണങ്ങളിലും പരാജയപ്പെട്ടവനെന്ന അപമാനം ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം സഹിക്കാനാകില്ല. കയ്യിലിരുന്ന സ്ഫടികമുട്ടി ഞെരിച്ചമർത്തിക്കൊണ്ടു അയാൾ ചാരുകസേരയിലിരുന്നു, ഭിത്തിയിലേക്കു നോക്കി. അവിടെ പുഞ്ചിരി തൂകുന്ന അമ്മയുടെ ഛായാചിത്രം. ശിശുസഹജമായ കൗതുകത്തോടെ അമ്മയുടെ മുഖത്തേക്ക് അയാൾ വീണ്ടും വീണ്ടും നോക്കി. ആ ചുണ്ടുകൾ സംസാരിക്കുന്നുണ്ടോ?
ഞൊടിയിട കൊണ്ടു ഓർമ്മകൾ അനേക ദശാബ്ദം പുറകോട്ടോടി. ക്‌ളാസ്സുമുറിയുടെ പുറത്തു ഗദ്ഗദ കണഠയായി നിർന്നിമേഷയായി നിൽക്കുന്ന ‘അമ്മ’. തന്നെ സ്കൂളിൽ പഠിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞുകേട്ടതിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. അമ്മയ്ക്ക് തന്നോട് ദേഷ്യമായിരുന്നോ? ഇല്ല. ആ കൈകൾ തന്നെ ചേർത്ത് അണയ്ക്കുമ്പോൾ താൻ അറിയുന്നത് ദേഷ്യമല്ല. അത് തന്നിലേക്ക് പകരുന്നത് ഒരുതരം ആത്മവിശ്വാസമാണ്. അമ്മയുടെ കണ്ണുകളിൽ നിന്ന് ദൃഢനിശ്ചയത്തിന്റെ തീ പറന്നു. പതറുന്ന തൊണ്ടയെ കനത്ത മുരൾച്ചകൊണ്ട് അവർ അടിച്ചമർത്തി. “വാ പോകാം, എന്റെ മകൻ മറ്റ് കുട്ടികളെക്കാൾ ഉയർന്ന ബൌദ്ധിക നിലയിലാണ് പഠിക്കുന്നത്; അതിനാൽ നിന്നെ ഇവിടെ പഠിപ്പിക്കാൻ അവർക്ക് സാധിക്കില്ലെന്നാ ടീച്ചർ പറഞ്ഞത്. ഇനി നിന്നെ ഞാൻ വീട്ടിലിരുത്തി പഠിപ്പിക്കും” എന്റെ കൈ പിടിച്ചു അമ്മ പുറത്തേക്കു നടന്നു. ശരിക്കും ടീച്ചർ അങ്ങനെ പറയാൻ ഒരു സാധ്യതയുമില്ല കാരണം എപ്പോഴും അവർ എന്നെ ക്ലാസ്സിൽ കളിയാക്കുമായിരുന്നു. പക്ഷേ അമ്മയുടെ ആ വാക്കുകൾ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
പക്ഷെ ആ സ്‌കൂളിൽനിന്നു നടന്നകന്നത് വിജയത്തിന്റെ പടവുകളിലേക്കായിരുന്നു. വിദ്യാഭ്യാസം നേടുന്നത് ജയിക്കാനല്ല ജീവിക്കാനാണ് എന്ന് പഠിപ്പിച്ചത് അമ്മയാണ്. ജീവിക്കാൻ പഠിച്ചില്ലെങ്കിൽ ജയിച്ചിട്ടു എന്ത് കാര്യം. അവിടുന്നിങ്ങോട്ടു ലോക പ്രശസ്ത ശാസ്ത്രജ്ഞനായി മാറി ഈ പരീക്ഷണശാലയിൽ ഇരിക്കുമ്പോൾ അമ്മ തന്നെ പഠിപ്പിച്ചത് ജയിക്കാനല്ല ജീവിക്കാനാണ് എന്ന ഓർമ അയാളിൽ പുതിയ ഒരു ഉന്മേഷം പകർന്നു. ഇല്ല, പരാജയം പാഠമാക്കി മുന്നോട്ടു പോകുന്നതാണ് വിജയം. വീഴുന്നത് തെറ്റല്ല എന്നാൽ വീണിടത്ത് കിടക്കുന്നത് ആണ് പരാജയം. വീഴുന്നിടത്തു കിടന്നാൽ, വീഴുന്നിടത്തു വച്ച് നിർത്തിയാൽ ഞാൻ പരാജയപ്പെട്ടു. അയാൾ എന്തോ മനസിലുറപ്പിച്ചു തന്റെ കസേരയിൽ നിന്നു എഴുന്നേറ്റു
“ഇല്ല ഇവിടെ ഞാൻ നിർത്തില്ല; ആയിരത്തി ഒന്നാമത്തെ പരീക്ഷണം ഞാൻ തുടങ്ങും.” അയാൾ തന്നോട് തന്നെ പറഞ്ഞു. ഒടുവിൽ, ആ പരീക്ഷണത്തിന്റെ ഒടുവിൽ ലോകത്തിൽ ആദ്യമായി ഇരുളിൽ ഒരു വൈദ്യുതി വെട്ടം തെളിഞ്ഞു. അതെ, തോമസ് അൽവാ എഡിസൺ വൈദ്യുതി ബൾബ് കണ്ടുപിടിച്ചതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കിയ, തോൽവിയെ ജീവിക്കാനുള്ള പ്രചോദനമാക്കിയ അമ്മയുടെ മകൻ..!
നമ്മൾ ഇന്നെന്താണ് കാണുന്നത് ? ഡോക്ടറും എൻജിനീയറും ശാസ്ത്രജ്ഞനും ആത്മഹത്യ ചെയ്യുന്നു. ജയിക്കുന്നതു മാത്രമാണ് ജീവിതമെന്നു അവരെ ആരോ പഠിപ്പിച്ചിരിക്കുന്നു. ജീവിക്കുന്നതാണ് വിജയമെന്ന് അവരെ ആരും പഠിപ്പിച്ചില്ല. അത് മാറ്റണ്ടേ? സ്വന്തം വീട്ടിലെങ്കിലും നിങ്ങൾ നൂറു തവണ പറയൂ. “ജീവിക്കുന്നതാണ് വിജയം. പരാജയങ്ങൾ ജീവിക്കാനുള്ള ഊർജമാണ്”. വിജയങ്ങളേക്കാൾ പരാജയങ്ങൾ നമ്മെ ആവേശഭരിതരാക്കണം. തന്റെ മേൽ വീഴുന്ന ഓരോ ചളിയും കുടഞ്ഞെറിഞ്ഞ് കൂടുതൽ കരുത്തോടെ ഓടുന്നവരാകണം.
✍ ലിസി ഫെർണാണ്ടസ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.