ഓട്‌സിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് മിക്കവരും പ്രഭാതഭക്ഷണമായി ഓട്‌സ് തെരഞ്ഞെടുക്കുന്നത്. എളുപ്പത്തില്‍ തയ്യാറാക്കാം എന്നതും ഏറെ ആരോഗ്യകരമായ ഭക്ഷണമാണ് എന്നതും ഓട്ട്സിന്റെ വലിയ ഗുണമായി ആളുകള്‍ കണക്കാക്കുന്നു.
മാംഗനീസ്, പ്രോട്ടീന്‍, ഫോസ്ഫറസ്, അയേണ്‍ തുടങ്ങി ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും ഓട്‌സിലടങ്ങിയിരിക്കുന്നു. ഫൈബറിനാലും സമ്പുഷ്ടമാണ് ഓട്സ്. ഫൈബര്‍ ദഹനപ്രവര്‍ത്തനത്തെ ഏറ്റവുമധികം സുഗമമാക്കുന്ന ഘടകമാണ്. കലോറി കുറവായ ഭക്ഷണമായതിനാല്‍ തന്നെ വണ്ണം കൂടുമെന്ന പേടി ഓട്ട്സ് കഴിക്കുമ്പോള്‍ വേണ്ട.
പ്രധാനമായും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് ബോധപൂര്‍വ്വം ഡയറ്റില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഓട്‌സും ശരിയായ രീതിയിലല്ല കഴിക്കുന്നതെങ്കില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയില്ലെന്ന് മാത്രമല്ല, വണ്ണം കൂട്ടാന്‍ ഇടയാക്കുകയും ചെയ്യും. അത് എങ്ങനെയെന്ന് നോക്കാം.
ഓട്‌സും പ്രോസസ് ചെയ്ത് വരുന്ന ഭക്ഷണമാണ്. പ്രോസസിംഗിന്റെ അടിസ്ഥാനത്തില്‍ മൂന്ന് തരത്തിലുള്ള ഓട്‌സ് വിപണിയിലെത്തുന്നുണ്ട്. ഇതില്‍ ഏറ്റവും കുറവായി പ്രോസസ് ചെയ്യപ്പെുന്നത് 'റോള്‍ഡ് ഓട്ട്സ്' ആണ്. ഇതാണ് ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്ക് കഴിക്കാന്‍ നല്ലത്. ഫ്ളേവേര്‍ഡ് ഓട്‌സ് ശരീരത്തിന് അത്ര നല്ലതല്ല. കാരണം അതിനകത്ത് ഷുഗര്‍ അടക്കമുള്ള ഘടകങ്ങള്‍ അധികമായി വരുന്നുണ്ട്.
അതുപോലെ ഓട്‌സിനൊപ്പം ഉപയോഗിക്കുന്ന മറ്റ് ചേരുവകളും നമ്മള്‍ പ്രത്യേകം പരിഗണനയിലെടുക്കേണ്ടതുണ്ട്. പാല്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ തന്നെ തെരഞ്ഞെടുക്കുക. ഇതും പരിമിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. പഞ്ചസാരയും കഴിവതും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഓട്‌സ് കഴിക്കുന്നു എന്ന് മാത്രമേ ഉള്ളൂ, വണ്ണം കുറയുന്ന സാഹചര്യമുണ്ടാവുകയില്ല.
പച്ചക്കറികള്‍, പഴങ്ങള്‍, നട്ട്സ്, സീഡ്സ് എന്നിവയും ഓട്‌സിനൊപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്. എന്നാല്‍ ഇവയും തെരഞ്ഞെടുക്കുമ്പോള്‍ ഏറെ കരുതുക. സ്റ്റാര്‍ച്ച് അധികമായി അടങ്ങിയ പച്ചക്കറികള്‍ ഓട്‌സിനൊപ്പം കഴിക്കാന്‍ എടുക്കാതിരിക്കുക. അതുപോലെ പീനട്ട് ബട്ടര്‍, ചോക്ലേറ്റ് ചിപ്സ് എന്നിവയെല്ലാം ചേര്‍ത്ത് ഓട്‌സ് പതിവായി കഴിച്ചാലും വണ്ണം കൂടാം. കാരണം ഇവയിലെല്ലാം കലോറി കൂടുതലായി വരുന്നുണ്ട്. ഓട്‌സ് തയ്യാറാക്കുമ്പോള്‍ അധികം ഓയിലും ചേര്‍ക്കരുത്.
അല്‍പം തേന്‍, നെയ്യ്, ഫ്രഷ് ഫ്രൂട്ട്സ്, നട്ട്സ് എന്നിവയെല്ലാം ഓട്‌സ് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാവുന്നതാണ്. പ്രോട്ടീന്‍ കുറവ് നേരിടുന്നുണ്ടെങ്കില്‍ ഇതിലേക്ക് ഒരു ടീസ്പൂണ്‍ പ്രോട്ടീന്‍ പൗഡറും ചേര്‍ക്കാം. ബീന്‍സ്, പീസ്, കാരറ്റ് എന്നിവയാണ് ഓട്‌സില്‍ ചേര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ പച്ചക്കറികള്‍. ആവശ്യമെങ്കില്‍ അല്‍പം സ്പൈസുകളും ചേര്‍ക്കാം. ഏതായാലും ആരോഗ്യകരമായ രീതിയില്‍ അല്ല ഓട്‌സ് തയ്യാറാക്കുന്നതെങ്കില്‍ അത് വിപരീതഫലം ചെയ്യും. ഇനി തീര്‍ച്ചയായും ഓട്‌സ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.