പാട്‌ന: ജെഡിയുവിനെ ഇനി ലലന്‍ സിങ് നയിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന ജെഡിയു ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ലലന്‍ സിങ്ങിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രിയായ ആര്‍.സി.പി സിങ് 'ഒരാള്‍ക്ക് ഒരു പദവി നയ'മനുസരിച്ചു പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. രാജ്യസഭാംഗമായ ആര്‍.സി.പി സിങ്ങിനൊപ്പം ലോക്‌സഭാംഗമായ ലലന്‍ സിങ്ങിനെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്കു നിതീഷ് കുമാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ജെഡിയുവിനു ഒരു കേന്ദ്രമന്ത്രി സ്ഥാനം മാത്രം നല്‍കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ ആര്‍.സി.പി. സിങ്ങിനാണു നറുക്കു വീണത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ പോലെ കേന്ദ്രമന്ത്രി ആര്‍.സി.പി സിങ്ങും കുര്‍മി സമുദായാംഗങ്ങളായതിനാല്‍ പാര്‍ട്ടി അധ്യക്ഷത്തേക്ക് ഇതര സമുദായങ്ങളില്‍ നിന്നുള്ളവരെയാണ് പരിഗണിച്ചത്. ഭൂമിഹാര്‍ സമുദായാംഗമായ ലലന്‍ സിങ്ങിനൊപ്പം ഉപേന്ദ്ര കുശ്വാഹയെയും പരിഗണിച്ചിരുന്നു. നിതീഷിന്റെ വിശ്വസ്തനായ ലലന്‍ സിങ് ജെഡിയുവിലെ തന്ത്രജ്ഞനായാണ് അറിയപ്പെടുന്നത്. ലോക് ജനശക്തി പാര്‍ട്ടിയില്‍ (എല്‍ജെപി) ചിരാഗ് പാസ്വാനെ ഒറ്റപ്പെടുത്തി പിളര്‍പ്പുണ്ടാക്കുന്നതിനായി അണിയറ നീക്കങ്ങള്‍ നടത്തിയതു ലലന്‍ സിങ്ങാണ്. മൂന്നു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ലലന്‍ സിങ്, ഒരു തവണ രാജ്യസഭാംഗവുമായിരുന്നു. ബിഹാറില്‍ നിതീഷിന്റെയും ജിതന്‍ റാം മാഞ്ചിയുടെയും മന്ത്രിസഭകളിലും അംഗമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.