സംയുക്ത മലബാർ നാവിക അഭ്യാസം; നിർണായക നാഴികക്കല്ലെന്നു ആസ്ട്രേലിയൻ പ്രതിരോധമന്ത്രി

സംയുക്ത മലബാർ നാവിക അഭ്യാസം; നിർണായക നാഴികക്കല്ലെന്നു ആസ്ട്രേലിയൻ പ്രതിരോധമന്ത്രി

കാൻ‌ബെറ: മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുക്കാനുള്ള ആസ്ട്രേലിയൻ തീരുമാനം നിർണായക നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രി ബെലിൻഡാ റെയ്നോൾഡ് വ്യക്തമാക്കി. ചൈനയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്ന ഒരു തീരുമാനമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ആസ്ട്രേലിയയുടെ ഈ നീക്കത്തെ കാണുന്നത്. അടുത്ത മാസം ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചു നടക്കാനിരിക്കുന്ന വാർഷിക സൈനികാഭ്യാസത്തിൽ ആസ്ട്രേലിയയോടൊപ്പം ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് പങ്കെടുക്കാനിരിക്കുന്നത്.

ഒരു സുപ്രധാന നാഴികക്കല്ല് എന്ന് ഈ തീരുമാനത്തെ വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി ബെലിൻഡാ റെയ്നോൾഡ്സ് 2020ൽ ആസ്ട്രേലിയായുടെ പങ്കെടുക്കൽ ഉറപ്പിച്ചു. “ഇത്രയും ഉയർന്ന തലത്തിലുള്ള സൈനിക പരിശീലനം തങ്ങളുടെ സമുദ്രത്തിലുള്ള കഴിവുകൾ വെളിവാക്കാനും അടുത്ത പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുവാനും സഹായിക്കും” അവർ അഭിപ്രായപ്പെട്ടു.

ഇതിന് മുമ്പ് 2007 ൽനടന്ന മലബാർ അഭ്യാസത്തിലാണ് ആസ്ട്രേലിയ അവസാനമായി പങ്കെടുത്തത്. അതിനുശേഷം ആസ്‌ട്രേലിയ മലബാർ അഭ്യാസത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇപ്പോൾ ചൈനയുമായുള്ള നയതന്ത്ര പ്രശ്നങ്ങളുടെ ഫലമാണ് ആസ്ട്രേലിയയെ മലബാർ അഭ്യാസത്തിൽ വീണ്ടും ചേരുവാൻ പ്രേരിപ്പിച്ചത്.കോവിഡിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ശക്തമായ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്കുന്നതിൽ ചൈന ഗുരുതരമായ അലംഭാവം കാട്ടി എന്ന ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ആരോപണത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളായി. ആസ്ട്രേലിയയിൽ നിന്നുള്ള ബാർലി, ഇറച്ചി, വൈൻ എന്നിവയുടെ ഇറക്കുമതി ഗണ്യമായി തടഞ്ഞുകൊണ്ടായിരുന്നു ചൈന ഇതിനോട് പ്രതികരിച്ചത്. ആസ്ട്രേലിയൻ ജേർണലിസ്റ്റുകളെ തടഞ്ഞു വെക്കുന്ന സംഭവങ്ങൾ പോലും ഇതേത്തുടർന്ന് അരങ്ങേറിയിരുന്നു.

ഇന്ത്യ, ജപ്പാൻ, അമേരിക്ക സഹകരണ സഖ്യത്തിൽ തുടരാനായി കഴിഞ്ഞ അഞ്ചു വർഷങ്ങളായി ആസ്ട്രേലിയൻ ഗവർണമെന്റ് പരിശ്രമിച്ചു വരികയായിരുന്നു എന്നു രാഷ്ട്രീയ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യാ ഇക്കാര്യത്തിൽ വേണ്ടത്ര പ്രോൽസഹനം നല്കിയിരുന്നില്ല. ആസ്ട്രേലിയയെ സൈനിക സഹായത്തിലേക്ക് കൊണ്ടുവരാനായി അമേരിക്കയും ജപ്പാനും നിരന്തരമായി ശ്രമിച്ചുകൊണ്ടുമിരുന്നു. അതോടൊപ്പം ഇന്ത്യയും ജപ്പാനും ആയുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ആസ്ട്രേലിയയ്ക്കും താല്പര്യമുണ്ടായിരുന്നു. ഇപ്പോളത്തെ തീരുമാനം ആസ്ട്രേലിയക്ക് തന്ത്രപരവും നയപരവുമായ ഒരു വിജയമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

നാലു പ്രധാന ഇൻഡോ- പസിഫിക് ജനാധിപത്യരാജ്യങ്ങൾ തമ്മിലുള്ള ആഴമേറിയ ബന്ധവും സുരക്ഷക്കുവേണ്ടി ഒരുമിച്ചുള്ള പ്രവർത്തനവും ഈ പരിശീലനം വഴി സാധ്യമാകും എന്ന് ബെലിൻഡാ കൂട്ടിചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.