ബ്രിസ്ബന്‍: നിസാരമെന്നു കരുതി മനുഷ്യര്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഭൂമിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് എത്രമാത്രം ദോഷമുണ്ടാക്കുമെന്നു തെളിയിക്കുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകര്‍. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് തീരത്ത് കണ്ടെത്തിയ ഭൂരിപക്ഷം ആമകളുടെയും ശരീരത്തില്‍ പ്ലാസ്റ്റിക് കണ്ടെത്തിയതായി പുതിയ പഠനം. തീരത്ത് കണ്ടെത്തിയ ഏകദേശം 83% ഗ്രീന്‍ ടര്‍ട്ടില്‍, 86% ലോഗര്‍ഹെഡ് എന്നീ ആമകളുടെ ഉള്ളിലാണ് പ്ലാസ്റ്റിക് കണ്ടെത്തിയതെന്നു ഡീക്കിന്‍, ജെയിംസ് കുക്ക്, മര്‍ഡോക്ക് എന്നീ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തി.
പ്ലാസ്റ്റിക് മലിനീകരണം സമുദ്ര ജീവികള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയതായി ജെയിംസ് കുക്ക് സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍ മാര്‍ക്ക് ഹമാന്‍ പറഞ്ഞു.
സമുദ്രത്തിലെ അവശിഷ്ടങ്ങളില്‍ 80 ശതമാനം പ്ലാസ്റ്റിക് ആണ്. അവ സമുദ്രത്തിന്റെ ഉപരിതലം മുതല്‍ ആഴക്കടല്‍ വരെയുണ്ട്. എല്ലാ ഇനങ്ങളിലുമുള്ള ആമകളുടെ ശരീരത്തിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. പ്ലാസ്റ്റിക്ക് ആമകളെ ശ്വാസംമുട്ടിച്ച് മരണത്തിനിടയാക്കുന്നു. ഇങ്ങനെ മരണത്തിനു കീഴടങ്ങു്ന്ന ആമകള്‍ നിരവധിയാണ്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍നിന്നും കിഴക്കന്‍ ഓസ്ട്രേലിയയിലെ പസഫിക് സമുദ്രത്തില്‍ നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും കണ്ടെത്തിയ ആമകളുടെ ആമാശയം, കുടല്‍, മൂത്രസഞ്ചി എന്നിവ പരിശോധിച്ചാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ ഒരൊറ്റ ആമയില്‍ 343 പ്ലാസ്റ്റിക് തരികളാണു കണ്ടെത്തിയത്. പസഫിക് സമുദ്രത്തിലെ മറ്റൊന്നില്‍ 144 പ്ലാസ്റ്റിക് തരികളും കണ്ടെത്തിയതായി ഹമാന്‍ പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തെ അപേക്ഷിച്ച് പസഫിക്കില്‍ കണ്ടെത്തിയ ആമകളിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയത്.
ചെറിയ ആമകള്‍ക്കാണ് പ്ലാസ്റ്റിക് ഏറ്റവും അപകടമുണ്ടാക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പ്ലാസ്റ്റിക്കാണെന്നു തിരിച്ചറിയാതെ അവ അതു കഴിക്കുകയും പ്ലാസ്റ്റിക് കുരുങ്ങുന്നതു മൂലം അവയുടെ വളര്‍ച്ചാ ഘട്ടത്തില്‍ ഭക്ഷണം എടുക്കാനാവാതെയും വരുന്നു. യു.കെയിലെ എക്‌സിറ്റര്‍ സര്‍വകലാശാലയും സഹകരിച്ച ഗവേഷണം കഴിഞ്ഞ ദിവസമാണു പ്രസിദ്ധീകരിച്ചത്.
കൂടുതല്‍ വായനയ്ക്ക്;
"മാനിഷാദ" കൊല്ലരുതേ സമുദ്രത്തെ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.