'ചക് ദേ ഇന്ത്യ'യുടെ തനിയാവര്‍ത്തനമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും; ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനം

'ചക് ദേ ഇന്ത്യ'യുടെ തനിയാവര്‍ത്തനമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും; ഇന്ത്യന്‍ ഹോക്കി ടീമിന് അഭിനന്ദനം

ടോക്യോ: ഫാന്റസിയും യാഥാര്‍ത്ഥ്യവും ഒന്നിക്കുമ്പോഴുണ്ടാകുന്ന മനോഹരമായ ദൃശ്യവിരുന്നിനാണ് ടോക്യോയിലെ നോര്‍ത്ത് പിച്ച് ഒ.ഐ ഹോക്കി സ്റ്റേഡിയം തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. 14 വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ ബോളിവുഡ് ചിത്രം ചക് ദേ ഇന്ത്യയുടെ തനിയാവര്‍ത്തനമാണ് അവിടെ നടന്നത്. ഷാരൂഖ് ഖാന്‍ നായകനായ സിനിമയിലേതു പോലെയൊരു കുതിപ്പിന്റെ പാതയിലാണ് ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം.

ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ്് ഇന്ത്യന്‍ ടീം സെമിയിലേക്ക് കടന്നത്.
വിജയത്തിനു പിന്നാലെ സ്റ്റേഡിയത്തില്‍ കാതടപ്പിക്കുന്ന ശബ്ദത്തില്‍ മുഴങ്ങിയതും 'ചക് ദേ... ഓ ചക് ദേ ഇന്ത്യ' എന്ന ഗാനമായിരുന്നു.

ഇന്ത്യയുടെ അമ്പരിപ്പിക്കുന്ന വിജയത്തോടെ 'ചക് ദേ ഇന്ത്യ' വിദേശമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. എ.ബി.സി അടക്കമുള്ള ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ 'ചക് ദേ ഇന്ത്യ'യും ഇന്ത്യന്‍ ഹോക്കി ടീമിന്റെ വിജയവും വലിയ വാര്‍ത്തയായിരിക്കുകയാണ്.


ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ വിജയം ആഘോഷിക്കുമ്പോള്‍ നിരാശയോടെ നിലത്തിരിക്കുന്ന ഓസ്‌ട്രേലിയന്‍ താരം.

2002 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2007-ല്‍ ഷിമിത്ത് അമിന്‍ സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ചക് ദേ ഇന്ത്യ. തോല്‍വികളിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ വനിതാ ടീമിനെ കബീര്‍ ഖാന്‍ എന്ന പരിശീലകന്‍ വിജയത്തിലേക്ക് നയിക്കുന്ന കഥയാണ് ചക്ദേ ഇന്ത്യ. സിനിമ ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കിയ ഉണര്‍വ് ചെറുതല്ല. കോച്ച് കബീര്‍ ഖാനും ടീമംഗങ്ങളും ഒരിക്കല്‍ക്കൂടി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്

2007-ല്‍ ഇറങ്ങിയ ചക് ദേ ഇന്ത്യ ആ വര്‍ഷത്തെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു. ചക്ദേ ഇന്ത്യയില്‍ ഇന്ത്യന്‍ വനിതകള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ കിരീടം നേടിയവരാണ്. സിനിമയിലെ ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ വിജയാഘോഷവും കോച്ചിന്റെ റോള്‍ ചെയ്ത ഷാരൂഖാന്റെ ആനന്ദാശ്രുവുമൊക്കെ ഇന്നലെ ടോക്യോയിലും യഥാര്‍ത്ഥത്തില്‍ സംഭവിച്ചു.



'ഇത് കലയുടെ അനുകരണമായ ജീവിതമാണ്,' ചക് ദേയില്‍ ലൊക്കേഷന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തിരുന്ന മെല്‍ബണിലെ ഇന്ത്യന്‍ ചലച്ചിത്രമേളയുടെ സംവിധായകന്‍ മിതു ഭൗമിക് ലാംഗെ പറഞ്ഞു. ഈ വിജയം ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ വികാരാധീനരാക്കി. ടോക്കിയോയിലെ അവരുടെ നേട്ടം ഫിക്ഷനെ വെല്ലുന്നതാണെന്നും മിതു പറഞ്ഞു.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌ക്കോ ഒളിമ്പിക്സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകള്‍ മത്സരിച്ച 2016 റിയോ ഒളിമ്പിക്സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.