ന്യൂഡല്‍ഹി: ദക്ഷിണ ചൈനാ കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കാനൊരുങ്ങി ഇന്ത്യ. അടുത്ത സൗദൃഹം നിലനില്‍ത്തുന്ന രാജ്യങ്ങളുമായി സുരക്ഷാ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് നടപടി. ഇതോടെ ദക്ഷിണ ചൈന കടലില്‍ ചൈനയെ പ്രതിരോധിക്കാന്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന നീക്കത്തില്‍ ഇന്ത്യയുടെ പങ്ക് സുപ്രധാനമാകും.
ചൈനയുടെ ശത്രുതയ്ക്ക് ഇടയാക്കുന്ന നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയോടെയാണ് ചെയ്യുന്നത്. എന്നാല്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അന്തരീക്ഷം മാറിയിട്ടുണ്ട്. അമേരിക്കയുമായി ചേര്‍ന്ന് ചൈനക്കെതിരായ നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യ തുടങ്ങിയിട്ടുണ്ട്.
ഒരു നാവിക സേനാ സംഘത്തെയാണ് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ അയക്കുക. ഒരു ഗൈഡന്‍സ് മിസൈല്‍ പ്രതിരോധ സംവിധാനം, ഒരു മിസൈല്‍ ഫ്രിഗൈറ്റ് എന്നിവയടങ്ങിയ നാല് യുദ്ധകപ്പലുകളാണ് ഇന്ത്യ ചൈനീസ് ഭീഷണിയുളളയിടങ്ങളില്‍ വിന്യസിക്കുക. തെക്കു കിഴക്കന്‍ ഏഷ്യ,ദക്ഷിണ ചൈനാ കടല്‍, പടിഞ്ഞാറന്‍ പസഫിക് ഭാഗങ്ങളിലാണിത്.
ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന നിരവധി ഘടകങ്ങളില്‍ ഒന്നാണ് ദക്ഷിണ ചൈനാ കടല്‍. തങ്ങളുടെ അതിര്‍ത്തിയില്‍പ്പെടുന്ന പ്രദേശമാണ് ഇതെന്ന ചൈനയുടെ അവകാശവാദം അമേരിക്ക അംഗീകരിച്ചിട്ടില്ല. അമേരിക്കയുടെ വിമാനവാഹിനി കപ്പലുകള്‍ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തില്‍ ജൂണില്‍ ദക്ഷിണ ചൈനാ കടലില്‍ എത്തിയിരുന്നു.
ദക്ഷിണ ചൈനാ കടലില്‍ എത്തുന്ന ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയുടെ യുദ്ധക്കപ്പലുകളുമായി ചേര്‍ന്ന് വാര്‍ഷിക നാവികാഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുക്കും. അതേ സമയം മേഖലയില്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന സൈനികാഭ്യാസത്തെ ചൈന നേരത്തേ തന്നെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ മേഖലയില്‍ സാന്നിധ്യമുറപ്പിക്കാന്‍ തന്നെയാണ് ഈ നാല് രാജ്യങ്ങളുടെയും തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.