ഒളിമ്പിക്‌സ് ജ്വരം അകലെ; കാട്ടുതീയില്‍ നിന്നു രക്ഷ തേടി ഗ്രീസിലെ ഒളിമ്പിയ

ഒളിമ്പിക്‌സ് ജ്വരം അകലെ; കാട്ടുതീയില്‍ നിന്നു രക്ഷ തേടി ഗ്രീസിലെ ഒളിമ്പിയ


ഏഥന്‍സ്:ടോക്കിയോയില്‍ ഒളിമ്പിക്‌സ് ആവേശം ഉച്ചകോടിയിലെത്തവേ ചരിത്ര മാമാങ്കത്തിന്റെ ജന്മസ്ഥലമായ ഗ്രീസിലെ ഒളിമ്പിയയെ കാട്ടൂ തീ വിഴുങ്ങാതിരിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഭഗീരഥ യത്‌നത്തില്‍. 50 ഓളം ട്രക്കുകളും ആറ് ഹെലികോപ്റ്ററുകളും വാട്ടര്‍ ബോംബിംഗ് വിമാനങ്ങളുമായി 170-ലധികം പേരാണ് ഒളിമ്പിയയ്ക്കും എവിയ ദ്വീപിനും സമീപമുള്ള രണ്ട് വലിയ തീപിടിത്തങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

'ഞങ്ങള്‍ ഒരു ഭീകര യുദ്ധമാണ് നടത്തുന്നത്. പക്ഷേ, ഏറ്റവും പ്രയാസമേറിയത് ഇനിയും വരാനുണ്ടെന്നു തോന്നുന്നു ' - സിവില്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ നിക്കോസ് ഹര്‍ദാലിയാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏഥന്‍സില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ കിഴക്കു ഭാഗത്തെ ഇവിയയിലെ കാട്ടില്‍ നിന്ന് ഉയര്‍ന്ന വലിയ തീജ്വാലകള്‍ അകലെ കടലില്‍ നിന്ന് കാണാമായിരുന്നു. ചെറിയ ദൃശ്യപരതയില്ലാത്ത കുന്നുകളുള്ള ദ്വീപില്‍ പടരുന്ന തീ നിയന്ത്രിക്കുക ബുദ്ധിമുട്ടാണെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു.തീ അടുത്തെത്തിയെങ്കിലും സെന്റ് ഡേവിഡ് ആശ്രമത്തില്‍ നിന്നുള്ള മൂന്ന് സന്യാസിമാര്‍ പോകാന്‍ സ്ഥലം വിടാന്‍ വിസമ്മതിച്ചതും അധികൃതര്‍ക്കു തലവേദനയായി.

കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനെ തുടര്‍ന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. 24 മണിക്കൂറിനിടെ 81 ഇടത്ത് പുതിയതായി കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന താപനിലയും കാറ്റും തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ കാരണമായി.കുറഞ്ഞത് 150 വീടുകള്‍ നശിച്ചു.ഗ്രീസ് ഉഷ്ണതരംഗത്തിന്റെ പിടിയിലായതോടെയാണ് തീ പടര്‍ന്നത്.ആരും മരിച്ചതായി റിപ്പോര്‍ട്ടില്ലെങ്കിലും വീടുകളും മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചിട്ടുണ്ട്. ആരെയും കാണാതായതായി റിപ്പോര്‍ട്ടില്ല. ഏഥന്‍സ് ഏതാണ്ട് പൂര്‍ണമായും പുകമൂടിയ അവസ്ഥയിലാണ്. പൗരാണികമായ ഒരു കൊട്ടാരം ഭീഷണിയിലാണ്.

വര്‍ഷത്തിലെ ഈ സമയത്ത് സാധാരണയായി വിനോദസഞ്ചാരികള്‍ ഒഴുകിയെത്താറുള്ള ഒളിമ്പിയയും സമീപത്തുള്ള ആറ് ഗ്രാമങ്ങളും കഴിഞ്ഞ ദിവസം ഒഴിപ്പിച്ചു.ഗ്രീക്ക് തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള മൂന്ന് ശ്രേണികളിലൊന്നായ പര്‍ണിത പര്‍വതത്തിന്റെ ചുവട്ടിലുള്ള ഒരു പൈന്‍ വനത്തില്‍ ചൊവ്വാഴ്ചയാണ് തീപിടിത്തം ആരംഭിച്ചത്. അയല്‍രാജ്യമായ തുര്‍ക്കിയും കുറഞ്ഞത് ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ തീപിടുത്തം അനുഭവിക്കുന്നു, എട്ട് പേരുടെ ജീവന്‍ നഷ്ടമായി. വിനോദസഞ്ചാരികല്‍ വന്‍തോതില്‍ വരാറുള്ള പ്രശസ്തമായ തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു.ആഗോള താപനം കാട്ടുതീയുടെ ആവൃത്തിയും തീവ്രതയും വര്‍ദ്ധിപ്പിക്കുന്നുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.