വത്തിക്കാന്‍: പരിശുദ്ധാത്മാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രാര്‍ത്ഥനയുടെയും ദാനത്തിന്റെയും സേവനത്തിന്റെയും അനുഭവത്തിലൂടെയുള്ള 'സ്വയം പരിഷ്‌ക്കരണം' സാധ്യമാകാന്‍ ഓരോ ക്രൈസ്തവനും യത്‌നിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. കാലം ആവശ്യപ്പെടുന്ന പ്രകാരം കൂടുതല്‍ വിശുദ്ധിയിലേക്കുള്ള സഭയുടെ മുന്നേറ്റത്തിന് വിശ്വാസികളില്‍ നിന്നുള്ള ഈ നവീകൃത സുവിശേഷ പ്രവര്‍ത്തനം അനിവാര്യമാണെന്ന് ഓഗസ്റ്റ് മാസത്തെ സഭയുടെ പ്രാര്‍ത്ഥനാ ഉദ്ദേശ്യം വെളിപ്പെടുത്തിയുള്ള സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
സഭയുടെ പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ളതാണ് മാര്‍പാപ്പയുടെ വീഡിയോ സന്ദേശം. ' സഭയുടെ ദൗത്യം സുവിശേഷവല്‍ക്കരണമാണ്. അതിലുപരി, സഭയുടെ സ്വത്വം തന്നെയാണ് സുവിശേഷവല്‍ക്കരണം'-സന്ദേശത്തില്‍ പറയുന്നു. സഭയുടെ നിലവിലെ അവസ്ഥയും ആനുകാലിക സാഹചര്യങ്ങളിലെ ദൗത്യവും സ്വത്വവും അനുസ്മരിപ്പിച്ചുകൊണ്ടാണ് ' ദൈനംദിന ജീവിതത്തില്‍ ദൈവഹിതം വിവേചിച്ചറിഞ്ഞ് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന പരിവര്‍ത്തനത്തിന്' തുടക്കം കുറിക്കണമെന്നുള്ള ആഹ്വാനം.
'വ്യക്തിയെന്ന നിലയില്‍ നമ്മുടെ സ്വയം പരിഷ്‌കരണിലൂടെ സഭ പരിവര്‍ത്തന വിധേയമാകുന്നു'- മാര്‍പാപ്പ പറഞ്ഞു.' ഇതിലൂടെ ദൈവിക ദാനമായ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ നിറഞ്ഞ് യേശു പഠിപ്പിച്ചതു പ്രാവര്‍ത്തികമാക്കാന്‍ ഓര്‍മ്മിപ്പിക്കുകയും അതിനായി സഹായിക്കുകയും ചെയ്യുന്നു.ഇന്നത്തെ ലോകത്തിന്റെ ഘടനകളെ മാറ്റാനുതകുന്ന സുവിശേഷവല്‍ക്കരണമാണ് സഭയുടെ നിര്‍ദ്ദിഷ്ട ദൗത്യം.' മത പരിവര്‍ത്തന ലക്ഷ്യത്തിന് അതീതമായി പ്രത്യയശാസ്ത്രപരമായ മുന്‍വിധികളെയും അത്തരം കടുത്ത ആശയങ്ങളെയും അകറ്റി നിര്‍ത്തിയാകണം സുവിശേഷ പ്രവര്‍ത്തനം. സ്വയം നവീകരണത്തിലൂടെ സഭയുടെ പരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് സന്ദേശത്തില്‍ ഊന്നിപ്പറയുന്നു. ഇതിനായുള്ള ആത്മീയ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ എല്ലാവരെയും മാര്‍പാപ്പ ക്ഷണിച്ചു.
"സഭയ്ക്ക് എപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് നമുക്ക് ഓര്‍മ്മിക്കാം" - മാര്‍പ്പാപ്പ പറഞ്ഞു. "സജീവമായിരിക്കുന്നതിനാലാണ് സഭയ്ക്ക് പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവരുന്നത്. മൃതാവസ്ഥയിലാണ്പ്രതിസന്ധികളില്ലാതാകുന്നത്. 'പരിഷ്‌കരണമെന്നത് വാക്കുകളില്‍ ഉള്‍ക്കൊള്ളാത്തതാണ്.പ്രതിസന്ധികളെ അഭിമുഖീകരിക്കാനും അതിന്റെ അനന്തരഫലങ്ങള്‍ എന്തുതന്നെയായാലും യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനും ധൈര്യമുള്ള മനോഭാവമാണുണ്ടാകേണ്ടത്. ഓരോ പരിഷ്‌കരണവും മനുഷ്യന്റെ മനസില്‍ ആരംഭിക്കുന്നു. പ്രതിസന്ധിയിലേക്ക് കടക്കാന്‍ ഭയപ്പെടാത്ത പുരുഷന്മാരും സ്ത്രീകളും ചേര്‍ന്നാണ് ദൈവിക ഇച്ഛ പ്രകാരം സഭയിലെ പരിഷ്‌ക്കാരം എക്കാലവും സാധ്യമാക്കിയിട്ടുള്ളത" .സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സ്വയം പരിഷ്‌ക്കരിക്കാനുള്ള കൃപയും ശക്തിയും പരിശുദ്ധാത്മാവില്‍ നിന്നു സഭയ്ക്കു ലഭിക്കുന്നതിന് എല്ലാവരുടെയും പ്രാര്‍ത്ഥന ക്ഷണിച്ചുകൊണ്ടാണ് വീഡിയോ സന്ദേശത്തിനു മാര്‍പാപ്പ വിരാമം കുറിച്ചിരിക്കുന്നത്.
മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും പ്രാര്‍ത്ഥന നിയോഗങ്ങൾ :
ജനുവരി 2021
മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.
ഫെബ്രുവരി 2021
സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.
മാർച്ച് 2021
അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഏപ്രിൽ 2021
മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.
മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.
ജൂൺ 2021
വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം
ജൂലൈ 2021
സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.
ഓഗസ്റ്റ് 2021
സഭ സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട് കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.
സെപ്റ്റംബർ 2021
പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.
ഒക്ടോബർ 2021
മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട് , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.
നവംബർ 2021
വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
ഡിസംബർ 2021
വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാ ത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.
മാർപാപ്പയുടെ ഓഗസ്റ്റ് മാസത്തെ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് കൊണ്ടുള്ള വീഡിയോ വത്തിക്കാൻ ന്യൂസ് പുറപ്പെടുവിച്ചത് കാണാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.
ഇതിന് മുൻപുള്ള മാസങ്ങളിലെ പ്രാർത്ഥന നിയോഗ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26