വാക്സിന്‍ എടുക്കണം: മതപരമായ ഇളവില്ലെന്ന് ന്യൂയോര്‍ക്ക് അതിരൂപത

വാക്സിന്‍ എടുക്കണം: മതപരമായ ഇളവില്ലെന്ന് ന്യൂയോര്‍ക്ക് അതിരൂപത

മാര്‍പാപ്പയെ ഉദ്ധരിച്ച് ധാര്‍മ്മിക ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി അതിരൂപതാ ചാന്‍സലര്‍

ന്യൂയോര്‍ക്ക്: കോവിഡ് വാക്സിന്‍ എടുക്കണമെന്ന നിബന്ധനയില്‍ മതപരമായ ഇളവുകള്‍ നല്‍കരുതെന്ന് വൈദികര്‍ക്ക് നിര്‍ദേശം നല്‍കി ന്യൂയോര്‍ക്ക് അതിരൂപത. വാക്സിനേഷന്‍ ധാര്‍മ്മികമായി സ്വീകാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിരിക്കേ പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം നമുക്കുണ്ട്. കര്‍ദിനാള്‍ ഡോളനും ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്് - അതിരൂപതയിലെ എല്ലാ വൈദികര്‍ക്കര്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും ഇടവക വികാരിമാര്‍ക്കും ചാന്‍സലര്‍ ജോണ്‍ പി. കാഹില്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

വാക്സിന്‍ നിബന്ധനയില്‍ സഭാംഗങ്ങള്‍ക്ക് വൈദികര്‍ മതപരമായ ഇളവ് നല്‍കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് അതിരൂപതാ ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്യുന്നത് മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകും. മറ്റുള്ളവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രവൃത്തിയില്‍ പങ്കുചേരലുമാകുമെന്ന് സന്ദേശത്തിലുണ്ട്. സഭയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ചില പ്രോ ലൈഫ് പ്രസ്ഥാനങ്ങള്‍ മതപരമായ കാരണങ്ങളാല്‍ വാക്സിന്‍ നിബന്ധനയില്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്സിലെ തൊഴില്‍ സ്ഥലങ്ങളില്‍ വാക്സിന്‍ നിര്‍ബന്ധിതമാക്കി ഉത്തരവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയതോടെയാണ് ഇളവുകള്‍ വേണമെന്ന ആവശ്യം വ്യാപകമായത്.

ഏതൊരു വ്യക്തിക്കും സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന്‍ എടുക്കുന്നതില്‍ വിവേചനാധികാരം ഉപയോഗിക്കാം. പക്ഷേ, അത് സഭാ നിര്‍ദ്ദേശങ്ങളുടെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന അഭിപ്രായമാണ് അതിരൂപതയ്ക്കുള്ളത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള ഹെല്‍ത്ത് കെയര്‍ നെറ്റ് വര്‍ക്ക് ആയ അസന്‍ഷന്‍ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും വെന്റര്‍മാര്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനമെടുത്തിരുന്നു. അതേസമയം, മനഃസാക്ഷിയെയും ധാര്‍മ്മികതയെയും മാറ്റി നിര്‍ത്തി കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനെ തൊഴില്‍ വ്യവസ്ഥയിലെ കര്‍ശന നിബന്ധനയാക്കുന്നതില്‍ കത്തോലിക്ക ഡോക്ടര്‍മാരുടെയും ആരോഗ്യ പരിപാലന പ്രവര്‍ത്തകരുടെയും ദേശീയ ശൃംഖലയായ കാത്തലിക് മെഡിക്കല്‍ അസോസിയേഷന്‍ വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.