ഏഥന്‍സ്: ആളിപ്പടരുന്ന കാട്ടുതീ ചെറുക്കാന്‍ സകല തന്ത്രങ്ങളുമിറക്കി ഗ്രീസ്. വടക്കന്‍ പ്രാന്തപ്രദേശങ്ങളായ ഏഥന്‍സിലും അടുത്തുള്ള ദ്വീപായ ഇവിയയിലും നിന്ന് ഒറ്റ രാത്രി കൊണ്ട് വന്‍ കുടിയൊഴിപ്പിക്കല്‍ ആണ് നടത്തിയത്.കടുത്ത പുക മൂടിയ ഗ്രീക്ക് തലസ്ഥാനത്തിന് സമീപം ആയിരക്കണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ചു. 600 പേര്‍ ഇവിയയില്‍ നിന്ന് ബോട്ടില്‍ പലായനം ചെയ്തു.
ഏഥന്‍സിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മാരത്തോണില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഗ്രീസിനെ സഹായിക്കാന്‍ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, സൈപ്രസ്, റൊമാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിച്ചു.ഏഥന്‍സിന് സമീപം കാട്ടുതീ പടര്‍ന്നതിനിടെ വൈദ്യുത തൂണ്‍ വീണ് ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചുഴലിക്കാറ്റ് ശക്തമായത് അഗ്‌നിശമന സേനാംഗങ്ങളെ ഏറെ വിഷമിപ്പിക്കുന്നു. ഡസന്‍ കണക്കിന് ആളുകള്‍ ആശുപത്രിയിലായി.
കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയ്ക്ക് ഇന്ധനമാകുന്നത്.'കാലാവസ്ഥാ വ്യതിയാനം യഥാര്‍ത്ഥമാണോ എന്ന് ആളുകള്‍ ഇപ്പോഴും സംശയിക്കുന്നുവെങ്കില്‍, അവര്‍ ഇവിടെ വന്ന് പ്രതിഭാസങ്ങളുടെ തീവ്രത കാണട്ടെ'-ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാകിസ് പറഞ്ഞു.ഗ്രീസില്‍ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് അന്തരീക്ഷ താപനില. ഇവിയ ദ്വീപിലെ കോര്‍കോലോയിയില്‍ താമസിക്കുന്ന ഇയോനിസ് അസ്ലാനിസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു:'ഇത് മഹാ ദുരന്തമാണ്. ഗ്രാമത്തിലെ എല്ലാം കത്തിനശിച്ചു'.ജൂലൈ അവസാനത്തോടെയാരംഭിച്ച കാട്ടുതീ അല്‍ബേനിയയിലും ബള്‍ഗേറിയയിലും പടരുന്നുണ്ട്. നോര്‍ത്ത് മാസിഡോണിയ തീപിടിത്തം ചെറുക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍, തീവ്രമായ കാട്ടുതീ എര്‍ദോഗന്‍ ഭരണകൂടത്തെ ഉലയ്ക്കുന്നുണ്ട്. അവിടെ എട്ട് പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രദേശവാസികളും വിനോദസഞ്ചാരികളും പലായനം ചെയ്തു. തെക്കന്‍ മുഗ്ല പ്രവിശ്യയിലെ കെമര്‍കോയിയിലെ കല്‍ക്കരി ഉപയോഗിച്ചുള്ള പവര്‍ സ്റ്റേഷനില്‍ തീ പടരുന്നത് തടയാന്‍ തുര്‍ക്കി അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. മര്‍മരിസ് റിസോര്‍ട്ട് ഉള്‍പ്പെടുന്ന പ്രവിശ്യയില്‍ 55,000 ഹെക്ടര്‍ വനം തീജ്വാലയാല്‍ മൂടപ്പെട്ട നിലയിലാണ്.
പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ സര്‍ക്കാര്‍ ഇത്തരമൊരു ദുരന്തത്തിന് വേണ്ടത്ര തയ്യാറെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. തുര്‍ക്കിയുടെ പ്രതികരണം വളരെ മന്ദഗതിയിലായിരുന്നുവെന്നും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വിഭവശേഷി കുറവാണെന്നും അവര്‍ പറയുന്നു.തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ എന്ന് എര്‍ദോഗന്‍ ഇതിനെ വിശേഷിപ്പിച്ചു. ടര്‍ക്കിഷ് എയറോനോട്ടിക്കല്‍ അസോസിയേഷനിലെ വിഭവങ്ങളുടെ അഭാവത്തെയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. തീപിടുത്തം നേരിടാന്‍ വേണ്ടത്ര വിമാനങ്ങള്‍ നല്‍കുന്നതില്‍ അസോസിയേഷന്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.