ഒളിമ്പിക്സ് സ്വര്‍ണ്ണവും ലോക റെക്കോര്‍ഡും നേടിയ സിഡ്നി മക്ലാലിന്‍: 'എനിക്ക് പ്രധാനം ക്രിസ്തു'

ഒളിമ്പിക്സ് സ്വര്‍ണ്ണവും ലോക റെക്കോര്‍ഡും നേടിയ സിഡ്നി മക്ലാലിന്‍: 'എനിക്ക്  പ്രധാനം ക്രിസ്തു'


ന്യൂയോര്‍ക്ക്: ടോക്കിയോ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടിയ യുഎസ് ട്രാക്ക് താരം സിഡ്‌നി മക്ലാലിന്‍ ദൈവ മഹത്വം ഉദ്‌ഘോഷിക്കുന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു.
'എന്റെ ജീവിതത്തില്‍ ദൈവം പരാജയപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. എല്ലാവരുടെ ജീവിതത്തിലും അങ്ങനെ തന്നെ. വിജയത്തിലെത്താത്ത മത്സരങ്ങളുണ്ടാകാം. ഹൃദയത്തിലെ ചില ആഗ്രഹങ്ങള്‍ സഫലമാകാത്തതുകൊണ്ട്, ദൈവം പരാജയപ്പെട്ടു എന്നല്ല അര്‍ത്ഥം. ദൈവിക ഇഷ്ടം കൃത്യമാണ്. ഇതുപോലുള്ള ഒരു നിമിഷത്തിനായി ഞാന്‍ ഒരുക്കപ്പെടുകയായിരുന്നു. എനിക്ക് അവിടുന്ന് നല്‍കിയ സമ്മാനങ്ങള്‍ എല്ലാ ശ്രദ്ധയും ദൈവത്തിലേക്ക് തിരിച്ചുവിടാന്‍ ഞാന്‍ ഉപയോഗിക്കും.'

സ്വന്ത രാജ്യത്തെ മാത്രമല്ല, ദൈവരാജ്യത്തെയും പ്രതിനിധീകരിക്കുന്നതിലൂടെ താന്‍ ബഹുമാനിതയാവുകയാണ്. തനിക്ക് ജീവിതത്തില്‍ ഉള്ളതിനേക്കാളും ഇല്ലാത്തതിനേക്കാളും വളരെ വലുതാണ് ക്രിസ്തുവിലെ വിശ്വാസം.ദൈവത്തോടുള്ള സമര്‍പ്പണത്തിന്റെയും അനുസരണത്തിന്റെയും വ്യക്തമായ ചിത്രീകരണമാകട്ടെ തന്റെ ജീവിത യാത്ര എന്ന് പ്രാര്‍ത്ഥിക്കുന്നു. അര്‍ത്ഥരഹിതമെന്നും അസാധ്യമെന്നും തോന്നുന്ന വേളകളിലും ദൈവം ഒരു വഴിയില്‍ നിന്ന് മറ്റു വഴികള്‍ ഉണ്ടാക്കും. അതിലൂടെയെല്ലാം നിറവേറ്റപ്പെടുന്നത് ദൈവ മഹത്വമാണ്-21 കാരിയായ സിഡ്‌നി മക്ലാലിന്‍ കുറിച്ചു.

878,000 ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ മക്ലാലിനുള്ളത്. 'യേശു എന്നെ രക്ഷിച്ചു' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു 'ബയോ'യില്‍.'കൃപയാല്‍ സംരക്ഷിച്ചു' എന്ന് ഏറ്റു പറയുന്നതാണ് ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രവും. തന്റെ ജ്ഞാനസ്‌നാന വീഡിയോ വീഡിയോ പോസ്റ്റ് ചെയ്ത് കഴിഞ്ഞ നവംബറില്‍ കുറിച്ചതിങ്ങനെ:' എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനവുമായി ഇരുപത്തിയൊന്ന് വര്‍ഷമായി ഞാന്‍ ഓടുകയായിരുന്നു. ക്രിസ്തുവിന്റെ കൃപയാല്‍ ഞാന്‍ രക്ഷിക്കപ്പെട്ടു. ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്.കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തു നിമിത്തം എന്റെ ഭൂതകാലം ശുദ്ധമായിരിക്കുന്നു.' യുഎസ് ഒളിമ്പിക് ട്രയല്‍സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ഒരു മാസത്തിനുശേഷം ടോക്യായില്‍ മക്ലാലിന്‍ വീണ്ടും ഐതിഹാസിക നേട്ടം കുറിച്ചത് 51.46 സെക്കന്‍ഡില്‍ ഓടിയെത്തിയാണ്.വെള്ളി നേടിയ അമേരിക്കക്കാരി ഡാലില മുഹമ്മദും ലോക റെക്കോര്‍ഡ് തകര്‍ത്തിരുന്നു.

ജൂണില്‍ യു.എസ് ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ട്രയല്‍സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോര്‍ഡ് നേടിയ ശേഷവും ക്രിസ്തുവിനാണ് മക്ലാലിന്‍ നന്ദി പറഞ്ഞത്.അന്ന 51.90 സെക്കന്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതയായി മാറിയതിനു പുറമേ  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. റെക്കോര്‍ഡ് നേട്ടത്തിനുശേഷം പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും, 'എല്ലാ മഹത്വവും ദൈവത്തിന്' എന്നായിരുന്നു ആദ്യ പ്രതികരണം.'സത്യസന്ധമായി പറഞ്ഞാല്‍ ഈ സീസണില്‍ എന്റെ പുതിയ കോച്ചിനും പുതിയ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തിനുമൊപ്പം പരിശീലിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇത്തവണത്തെ ഏറ്റവും വലിയ വ്യത്യാസം എന്റെ വിശ്വാസമായിരുന്നു. സകലത്തിന്റെയും നിയന്താതാവാണ് ദൈവം. ദൈവവിശ്വാസമാണ് വാസ്തവത്തില്‍ ഇത് സാധ്യമാക്കിയത്. ഇത് ശരിക്കും ദൈവത്തിന്റെ സമ്മാനമാണ്.കഠിനാദ്ധ്വാനം ചെയ്യുന്ന കാലത്തോളം ദൈവം എന്നെ വഹിച്ചുകൊള്ളും' - ജൂണില്‍ മക്ലാലിന്‍ വ്യക്തമാക്കി.

'മത്സരത്തിന് മുമ്പുള്ള മാനസിക സമ്മര്‍ദം താങ്ങാനാകാത്തതാണ്. എന്റെ ചുമലിലെ ഭാരം ദൈവം ഒഴിവാക്കിയതിനാല്‍ എനിക്ക് സ്വതന്ത്രമായി ഓടാനായി. എന്റെ വിശ്വാസം പലപ്പോഴും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നില്‍ ശ്രദ്ധിക്കുക മാത്രം ചെയ്യൂ എന്ന് ദൈവം പറയുന്നത് കേട്ടുകൊണ്ടേയിരിക്കുക എന്ന മത്സരപദ്ധതിയെയാണ് ഞാന്‍ പിന്തുടര്‍ന്നത്. ദൈവകൃപയല്ലാതെ മറ്റൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല. വിശ്വാസത്തിലൂടെ യേശു എനിക്ക് എല്ലാം തന്നു. റെക്കോര്‍ഡുകള്‍ വരും, പോകും. പക്ഷേ, ദൈവത്തിന്റെ മഹത്വം എന്നെന്നും നിലനില്‍ക്കുന്നതാണ്,' മക്ലാലിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.