ഒട്ടാവ: തൊഴിലാളി ക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം ന്യുസിലാന്‍ഡ് ഈ ആഴ്ച എടുത്തേക്കും. കോവിഡ് പ്രതിരോധ നടപടികള്‍ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്ന ന്യൂസിലാന്‍ഡിന്റെ സമ്പദ്വ്യവസ്ഥയെ ബാധിച്ചെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്നാണ് തീരുമാനം. കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് ന്യൂസിലാന്‍ഡ് അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചത്. 
നിലവില്‍ രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമമാണ് നേരിടുന്നത്. അമിത ജോലിഭാരവും കുറഞ്ഞ ശമ്പളവും ചൂണ്ടിക്കാട്ടി 30,000ല്‍ അധികം നഴ്സുമാര്‍ ജൂണിന് ശേഷം രണ്ടുതവണ പണിമുടക്ക് നടത്തിയിരുന്നു.'സ്റ്റാഫിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അന്തര്‍ദേശീയ യോഗ്യതയുള്ള നഴ്സുമാരെയാണ് ഞങ്ങള്‍ ആശ്രയിക്കുന്നത്. എന്നാല്‍ അതിര്‍ത്തികള്‍ അടച്ചതിനാല്‍ പുതിയ നിയമനങ്ങള്‍ നടത്താനാവുന്നില്ല' ന്യൂസിലാന്‍ഡ് നഴ്സസ് ഓര്‍ഗനൈസേഷന്‍ ഇന്‍ഡസ്ട്രിയല്‍ സര്‍വീസസ് മാനേജര്‍ ഗ്ലെന്‍ഡ അലക്സാണ്ടര്‍ പറയുന്നു. സമാന സാഹചര്യമാണ് എല്ലാ തൊഴില്‍ മേഖലയും നേരിടുന്നത്. 
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തി. ജീവനക്കാരെ നിലനിര്‍ത്താന്‍ തൊഴിലുടമകള്‍ കൂടുതല്‍ പണം നല്‍കുന്ന സ്ഥിതിയാണ് നിലവില്‍. ഇത് ചെലവ് വര്‍ധിപ്പിക്കുകയാണ്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം 3.3 ശതമാനത്തില്‍ എത്തിയിരുന്നു. ന്യൂസിലാന്‍ഡില്‍ ഇതുവരെ 2,500 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 26 മരണങ്ങളാണുണ്ടായത്. അവസാന കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ഫെബ്രുവരിയിലും. കോവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജസീന്തയെ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചതും കോവിഡ് കാല പ്രവര്‍ത്തനങ്ങളാണ്.
അയല്‍ രാജ്യമായ ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വ്യാപിക്കുന്ന കോവിഡ് ഡെല്‍റ്റ വകഭേദമാണ് അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ ന്യൂസിലാന്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളി. ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് ഓസ്‌ട്രേലിയയുമായി അനുവദിച്ചിരുന്ന ട്രാവല്‍ ബബിള്‍ ന്യൂസിലാന്‍ഡ് റദ്ദു ചെയ്തിരുന്നു. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പേകേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ രാജ്യത്തെ 21 ശതമാനം ആളുകള്‍ക്ക് മാത്രമേ വാക്സിന്‍ ലഭിച്ചിട്ടുള്ളൂ എന്നതും സര്‍ക്കാരിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഡെല്‍റ്റ ഭീഷണി നിലനില്‍ക്കുമ്പോഴും അതിര്‍ത്തികള്‍ തുറന്ന് രാജ്യത്തെ തൊഴില്‍ ക്ഷാമം പരിഹരിക്കാനും അതുവഴി സമ്പദ്വ്യവസ്ഥ നേരിടുന്ന ആഘാതം ലഘൂകരിക്കാനും ആയിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.