യൂറോപ്പിലെ ഏറ്റവും കൂടിയ താപനില ഇറ്റലിയിലെ സിസിലിയില്‍; ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു

യൂറോപ്പിലെ ഏറ്റവും കൂടിയ താപനില ഇറ്റലിയിലെ സിസിലിയില്‍; ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു

സിസിലി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ രാജ്യങ്ങളെ പിടിച്ചുലയ്ക്കുകയാണ്. അമേരിക്ക, കാനഡ, എന്നിവയ്ക്കു പിന്നാലെ യൂറോപ്പിലും മുന്‍പൊരിക്കലുമില്ലാത്ത വിധം ഉഷ്ണതരംഗം ആഞ്ഞടിക്കുകയാണ്. ഇറ്റലിയുടെ ഭാഗമായ സിസിലി ദ്വീപാണ് ചൂടിന്റെ കാഠിന്യം ഏറ്റവും തീവ്രമായി അനുഭവിക്കുന്നത്.

സിസിലിയിലെ സൈറാക്കൂസില്‍ 48.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. യുറോപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടിയ താപനിലയാണിത്. ഇതിനു മുന്‍പ് യൂറോപ്പില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 1999-ല്‍ സിസിലിയില്‍തന്നെ രേഖപ്പെടുത്തിയ 48.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 1977-ല്‍ ഗ്രീസിലെ എലൂസിസില്‍ രേഖപ്പെടുത്തിയത്് 48 ഡിഗ്രി സെല്‍ഷ്യസാണ്.

അതി തീവ്രമായ ചുഴലിക്കാറ്റ് മൂലമാണ് ഇറ്റലിയിലുടനീളം ഉഷ്ണതരംഗം ഉണ്ടാകുന്നത്. കടുത്ത ചൂടില്‍ ഇറ്റലിയില്‍ തീ പടര്‍ന്നുപിടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

ഇറ്റലി മാത്രമല്ല ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്. ദക്ഷിണ ഓസ്ട്രേലിയയിലെ ആന്റമൂക്കയിലെ താപനില കഴിഞ്ഞ നവംബര്‍ 28 ന് 48 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡിലെത്തി. അതേസമയം, ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ സ്മിത്ത്വില്ലിയില്‍ താപനില 46.9 വരെയെത്തി. 1939 ജനുവരി 11 നാണ് സംസ്ഥാനത്തെ റെക്കോര്‍ഡ് താപനില വില്‍ക്കാനിയ പോസ്റ്റ് ഓഫീസ് മേഖലയില്‍ രേഖപ്പെടുത്തിയത്-50.0 ഡിഗ്രി സെല്‍ഷ്യസ്.

രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 1960 ജനുവരി രണ്ടിന് ഊഡ്‌നദാത്ത വിമാനത്താവളത്തിലാണ്- 50.7 ഡിഗ്രി സെല്‍ഷ്യസ്. അതേസമയം ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ താപനില യുഎസിലെ ഡെത്ത് വാലിയിലാണ് സംഭവിച്ചിട്ടുള്ളത്. 1913 ജൂലൈ ഏഴിനായിരുന്നു അത്. 56.7 ഡിഗ്രി സെല്‍ഷ്യസില്‍ വരെ താപനില ഉയര്‍ന്നു.

യൂറോപ്പിലെ തന്നെ ഏറ്റവും മനോഹരമായ പരിസ്ഥിതിയാണ് സിസിലിയിലേത്. കാട്ടുതീ മുതല്‍ ചെടികള്‍ വരണ്ടുണങ്ങുന്നതുവരെ ഇവിടത്തെ പ്രകൃതിസൗന്ദര്യത്തെ വിപരീതമായി ബാധിക്കുകയാണ്.

ഇറ്റലിയില്‍ പലയിടങ്ങളിലും ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ തീപിടിത്തങ്ങള്‍ വ്യാപകമായിട്ടുണ്ട്. ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ സിസിലിയിലും കലാബ്രിയയിലുമായി കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 300 തീപിടുത്തങ്ങള്‍ ഉണ്ടായതായി ഇറ്റാലിയന്‍ അഗ്നിശമന സേന വെളിപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച്ചയും ഇറ്റലിയുടെ തെക്കന്‍ പ്രവിശ്യയിലെ ഗ്രാവിന പട്ടണത്തിലും മറ്റു പലയിടങ്ങളിലും അഗ്നിബാധയുണ്ടായി. റെജിയോ കാലബ്രിയയ്ക്ക് സമീപം ഗ്രാമപ്രദേശത്ത് അഭയം പ്രാപിക്കാന്‍ ശ്രമിക്കുന്നതിനിടെ 77 വയസുള്ളയാള്‍ പൊള്ളലേറ്റ് മരിച്ചു.

ഭൂമിശാസ്ത്രപരമായ പ്രാധാന്യമുള്ള പ്രദേശമായി യുനെസ്‌കോയുടെ പട്ടികയിലുള്ള കാലാബ്രിയയിലെ അസ്പ്രോമോണ്ടെ പര്‍വതനിരകള്‍ക്ക് തീപിടിത്തം ഭീഷണിയായിട്ടുണ്ട്.

സിസിലി തലസ്ഥാനമായ പലേര്‍മോയ്ക്ക് സമീപമുള്ള മഡോണി പര്‍വതനിര പ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങള്‍, മൃഗങ്ങള്‍, വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയും തീപിടിത്തത്തില്‍ നശിച്ചു.

ഇറ്റലിയിലെ സാര്‍ദീനിയ ദ്വീപിലും തീപിടിത്തങ്ങള്‍ വലിയ നാശം വിതച്ചിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായ വലിയ തീപിടുത്തത്തില്‍ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് 20,000 ഹെക്ടറിലധികം കത്തിനശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.