കോവിഡ് വാക്‌സിന്‍: ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും വേണ്ടിവന്നേക്കുമെന്ന് ഡോ. അന്തോണി ഫൗചി

കോവിഡ്  വാക്‌സിന്‍: ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും    വേണ്ടിവന്നേക്കുമെന്ന് ഡോ. അന്തോണി ഫൗചി


വാഷിംഗ്ടണ്‍: രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കു മാത്രമല്ല സാധാരണ പ്രതിരോധ ശക്തിയുള്ള പൊതു വിഭാഗത്തിനും കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വേണ്ടിവന്നേക്കുമെന്ന് യുഎസ് സര്‍ക്കാരിന്റെ കോവിഡ് വിദഗ്ധന്‍ ഡോ. അന്തോണി ഫൗചി. പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തിന് ഒരു അധിക കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുന്ന സാഹചര്യത്തിലേക്കാണ് കോവിഡ് മുന്നേറുന്നതെന്ന് ഡോ. ഫൗചി എബിസി ന്യൂസ് പ്രതിവാര പരിപാടിയില്‍ പറഞ്ഞത്.

അവയവ മാറ്റ സ്വീകര്‍ത്താക്കള്‍ ഉള്‍പ്പെടെ രോഗപ്രതിരോധ സംവിധാനം ദുര്‍ബലമായ ചില വിഭാഗങ്ങള്‍ക്ക് അധിക ഡോസ് അനുവദിക്കുന്നതിന് ഫൈസര്‍/ബയോഎന്‍ടെക്, മോഡേണ കോവിഡ് -19 വാക്‌സിനുകള്‍ക്കായുള്ള അടിയന്തിര ഉപയോഗ അംഗീകാര നിബന്ധന എഫ്ഡിഎ ഭേദഗതി ചെയ്തിരുന്നു.യുഎസിലെ മുതിര്‍ന്നവരില്‍ 2.7 ശതമാനം പേര്‍ രോഗപ്രതിരോധ ശേഷി ഇല്ലാത്തവരാണെന്നാണ് കണക്ക്. ചില രാജ്യങ്ങളിലെ ആരോഗ്യ പരിപാലന തൊഴിലാളികള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി പേര്‍ ഇപ്പോഴും ആദ്യ ഡോസിനായി കാത്തിരിക്കേ ബൂസ്റ്റര്‍ ഡോസ് എന്ന നിര്‍ദ്ദേശം വിവാദമാകുമെന്ന നിരീക്ഷണവും ഉയരുന്നുണ്ട്.

'രാജ്യം കോവിഡ് -19 വ്യാപനത്തിന്റെ മറ്റൊരു തരംഗത്തിലേക്ക് കടന്നിരിക്കുന്നു. കൂടാതെ പ്രതിരോധശേഷി കുറഞ്ഞ ആളുകള്‍ക്ക് പ്രത്യേകിച്ച് ഗുരുതരമായ രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് എഫ്ഡിഎ പ്രത്യേകിച്ചും മനസ്സിലാക്കുന്നു' - എഫ്ഡിഎയുടെ ആക്ടിംഗ് കമ്മീഷണര്‍ ഡോ. ജാനറ്റ് വുഡ്കോക്ക് പ്രസ്താവനയില്‍ പറഞ്ഞു. 'ലഭ്യമായ ഡാറ്റയുടെ സമഗ്രമായ അവലോകനത്തിന് ശേഷം, മൂന്നാമത്തെ ഡോസില്‍ നിന്ന് ഈ ഗ്രൂപ്പിന് പ്രയോജനം ലഭിക്കുമെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്.'

കോവിഡ് കേസുകളും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും വര്‍ധിക്കുന്നതിനിടെ മൂന്നാം ഡോസ് നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ജനസംഖ്യയിലെ രോഗപ്രതിരോധ ശക്തി കുറവുള്ള വിഭാഗത്തിന് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ എഫ്ഡിഐ തീരുമാനിച്ചത്. സാധാരണ നിലയില്‍ പ്രതിരോധ ശേഷിയുള്ള പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ മൂന്നാമത്തെ ഡോസ് ആവശ്യമില്ലെന്നും ഏജന്‍സി വ്യക്തമാക്കി.അതേസമയം, തീര്‍ച്ചയായും പൊതുജനങ്ങള്‍ക്ക് ഒരു ബൂസ്റ്റര്‍ കൂടി ആവശ്യമുള്ള സമയമെത്തുമെന്ന് ഡോ. ഫൗചി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.