അഫ്ഗാനിസ്ഥാനിലെ ബുദ്ധിജീവികളും വനിതാ ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ നൂറുകണക്കിന് പേരെ വധിക്കുമെന്ന് താലിബാന്റെ ഭീഷണി. ഇവര്‍ക്ക് അഭയം നല്‍കുമെന്ന് അല്‍ബേനിയന്‍ സര്‍ക്കാര്‍.
കാബൂള്‍: രണ്ടു പതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്റെ കൊടി നാട്ടി. കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന അഫ്ഗാനിസ്ഥാന്റെ ദേശീയ പതാക നീക്കം ചെയ്തു. താലിബാന്‍ കമാന്‍ഡര്‍ മുള്ള അബ്ദുള്‍ ഘനി ബറാദറിനെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് യു.എന്‍ ്അടിയന്തര യോഗം ചേരും.
താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും. പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌സിഎന്‍ആര്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള, ഹെസ്ബ് - ഇ - ഇസ്ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമതി രൂപീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ് അഷ്റഫ് ഘനി താജിക്കിസ്ഥാനില്‍ അഭയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ രാജ്യം വിട്ടതെന്നാണ് ഘനിയുടെ വിശദീകരണം. താലിബാന്റെ മിന്നല്‍ മുന്നേറ്റത്തില്‍ സൈനിക സന്നാഹങ്ങള്‍ പൂര്‍ണമായി തകരുകയും ഗോത്രനേതാക്കളുള്‍പ്പെടെ കൈവിടുകയും ചെയ്തതോടെയാണ് പ്രസിഡന്റ് അഷ്റഫ് ഘനി താജിക്കിസ്ഥാനിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ താലിബാന്‍ ദൂതന്മാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യുകയാണ്. മുന്‍ ആഭ്യന്തര മന്ത്രിയും അമേരിക്കയില്‍ പ്രൊഫസറുമായ അലി അഹമ്മദ് ജലാലിയുടെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വരുമെന്ന സൂചനയുണ്ട്. നിയുക്ത പ്രസിഡന്റ് കമാന്‍ഡര്‍ മുള്ള അബ്ദുള്‍ ഘനി ബറാദര്‍ ഇപ്പോള്‍ ഖത്തറിലാണെന്ന് താലിബാന്‍ അറിയിച്ചു.
താലിബാന്‍ കാബൂള്‍ പിടിക്കാന്‍ 30 ദിവസം വരെ എടുക്കുമെന്ന അമേരിക്കയുടെ കണക്കുകൂട്ടലും തെറ്റിച്ച് വെറും 10 ദിവസം കൊണ്ടാണ് ലക്ഷ്യം നേടിയത്. ശനിയാഴ്ച കാബൂള്‍ വളഞ്ഞ താലിബാന്‍ ഇന്നലെ യാതൊരെതിര്‍പ്പും നേരിടാതെ നഗരത്തില്‍ പ്രവേശിച്ചതോടെ സ്വദേശികളും വിദേശികളും പലായനം തുടങ്ങി. ബഗ്രാമിലെ മുന്‍ അമേരിക്കന്‍ വ്യോമത്താവളവും ബാമിയന്‍ പ്രവിശ്യ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളും ഇന്നലെ താലിബാന്‍ പിടിച്ചു. ആകെയുള്ള 34 പ്രവിശ്യകളില്‍ 29 എണ്ണവും താലിബാന്റെ വരുതിയിലായി.
അഫ്ഗാനിസ്ഥാനിലെ ബുദ്ധിജീവികളും വനിതാ ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ നൂറുകണക്കിന് പേരെ വധിക്കുമെന്നാണ് താലിബാന്റെ ഭീഷണി. ഇവര്‍ക്ക് അഭയം നല്‍കുമെന്ന് അല്‍ബേനിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ രണ്ടു പതിറ്റാണ്ടു മുമ്പാണ് താലിബാന്‍ ആദ്യം അധികാരം പിടിച്ചത്. 2001 സെപ്റ്റംബര്‍ 11ന് അല്‍ ക്വയ്ദ ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രം തകര്‍ത്തതിനെ തുടര്‍ന്നാണ് അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനില്‍ താലിബാനെ ആക്രമിച്ച് പുറത്താക്കിയത്. അല്‍ ക്വയ്ദയ്ക്ക് താവളം ഒരുക്കിയതിനായിരുന്നു ആക്രമണം.
തുടര്‍ന്ന് അഫ്ഗാന്‍ സേനയെ പുനരുജ്ജീവിപ്പിക്കാനും അഫ്ഗാനിസ്ഥാനെ പുനര്‍നിര്‍മ്മിക്കാനും കോടിക്കണക്കിന് ഡോളറാണ് അമേരിക്ക ചെലവിട്ടത്. രണ്ടു പതിറ്റാണ്ടിനു ശേഷം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്മാറുമ്പോള്‍ താലിബാന്‍ പൂര്‍വാധികം ശക്തമായി അധികാരം പിടിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.