കട്ടപ്പന: ദൈവത്തിന്റെ സൃഷ്ട്ടി കര്‍മ്മത്തില്‍ പങ്കുചേര്‍ന്ന് ജീവന്‍ സംരക്ഷിക്കുവാന്‍ നാം പരിശ്രമിക്കണമെന്നും ഭ്രൂണഹത്യയ്‌ക്കെതിരെ പ്രതികരിക്കാന്‍ തയാറാകണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
ദൈവ വിശ്വാസമില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ ജീവന് വില കല്‍പ്പിച്ചെന്ന് വരികയില്ലെന്നും ജീവന്റെ സംരക്ഷണം ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ വിഷയമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
എംടിപി ആക്ടിന്റെ ഫലമായി കഴിഞ്ഞ 50 വര്‍ഷങ്ങളിലായി ഭ്രൂണഹത്യയിലൂടെ വധിക്കപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഇടുക്കി രൂപതയുടെ കീഴിലുള്ള തങ്കമണി സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ നടത്തിയ പാപപരിഹാര പ്രാര്‍ത്ഥനയില്‍ അനുഗ്രഹ സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി.
ലവീത്താ മിനിസ്ട്രിയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ ഫാ. റോബര്‍ട്ട് ചവറനാനിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന, ആരാധന, പാപ പരിഹാര പ്രാര്‍ത്ഥന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ ശുശ്രൂഷയുടെ ഭാഗമായുണ്ടായിരുന്നു.
ക്രൈസ്തവ കുടുംബങ്ങളില്‍ ജീവന്റെ സമൃദ്ധിക്ക് വേണ്ടിയും വരാനിരിക്കുന്ന തലമുറകളെ സംബന്ധിച്ചും പ്രത്യേക പ്രാര്‍ത്ഥന നടന്നു. ലവീത്താ മൂവ്‌മെന്റും കട്ടപ്പന കരിസ്മാറ്റിക് സോണും സംയുക്തമായി ചേര്‍ന്നാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.