കാബൂള്‍: ഭീകര സംഘടനയായ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചതോടെ സ്വയരക്ഷ തേടിയുള്ള ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂളില്‍ അഞ്ച് മരണം. വിമാനത്തില്‍ കയറിപ്പറ്റാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് അഞ്ചുപേര്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിമാനത്താവളത്തില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെടിവെപ്പിലാണോ മരണം സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.
രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യംവിടുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് ഇരച്ചെത്തുകയായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങള്‍ എത്തിയത് വിമാനത്താവളത്തില്‍ വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്തില്‍ തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ അഫ്ഗാന്റെ വ്യോമമാര്‍ഗം അടച്ചു. ഇതേ തുടര്‍ന്ന് അമേരിക്കയില്‍നിന്ന് എത്തിയ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള ചിക്കാഗോ-ന്യൂഡല്‍ഹി (AI-126), സാന്‍ഫ്രാന്‍സിസ്‌കോ-ന്യൂഡല്‍ഹി (AI-174) വിമാനങ്ങളാണ് ഗള്‍ഫ് മേഖലയിലൂടെ വഴിതിരിച്ചു വിട്ടത്.
അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ന് 12.30 ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ വിമാനം അവസാന നിമിഷം റദ്ദു ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.