ന്യൂയോര്‍ക്ക്: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിക്കുന്ന വിശുദ്ധ മദര്‍ തെരേസയോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാംപുകള്‍ പുറത്തിറക്കി ഐക്യരാഷ്ട്ര സഭ. മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ അഞ്ചാം പിറന്നാളിലാണ് യു.എന്നിന്റെ ഈ നടപടി. മദര്‍ തെരേസയുടെ ചിത്രത്തോടൊപ്പം മദര്‍ പറഞ്ഞ വാക്യവും സ്റ്റാംപില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഈ സെപ്റ്റംബര്‍ നാലിനാണ് മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ അഞ്ചാം പിറന്നാള്‍. ഈ ദിനത്തിലാണ് യു.എന്‍ നടപടി എന്നതും ശ്രദ്ധേയമാണ്. തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ജീവിതം ഒഴിഞ്ഞുവെച്ചതിലൂടെ വിശുദ്ധിയുടെ മകുടം ചൂടിയ മദര്‍ തെരേസയുടെ ചിത്രത്തോടൊപ്പം മദറിന്റെ വാക്യമായ 'നമുക്ക് എല്ലാവര്‍ക്കും മഹത്തായ കാര്യങ്ങള്‍ ചെയ്യാനാവില്ല, എന്നാല്‍, ചെറിയ കാര്യങ്ങള്‍ മഹത്തരമായ സ്നേഹത്തോടെ ചെയ്യാന്‍ സാധിക്കും' എന്നും സ്റ്റാംപില്‍ ആലേഖനം ചെയ്തിരിക്കുന്നു.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുനിന്നുള്ള തപാല്‍ ഇടപാടുകള്‍ക്കായി 1.80 ഡോളര്‍ മൂല്യമുള്ള സ്റ്റാംപാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് യു.എന്‍ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. യു.എന്നിലെ ഡിസൈനറായ റോറി കാറ്റ്‌സാണ് സ്റ്റാംപ് രൂപകല്‍പ്പന ചെയ്തത്.
ഇപ്പോള്‍ മാസിഡോണിയയുടെ ഭാഗമായ സ്‌കൂപ്ജെയില്‍ 1910 ഓഗസ്റ്റ് 26ന് ജനിച്ച മദര്‍ തെരേസ 1950ല്‍ കല്‍ക്കട്ടയില്‍ സ്ഥാപിച്ച 'മിഷനറീസ് ഓഫ് ചാരിറ്റി' സന്യാസീ സഭ അശരണരരും അനാഥരുമായ അനേകരുടെ അത്താണിയാണ് ഇന്ന്. 1997 സെപ്റ്റംബര്‍ അഞ്ചിന് ഇഹലോക വാസം വെടിഞ്ഞ മദര്‍ തെരേസ 2016 സെപ്തംബറിലാണ് വിശുദ്ധാരാമത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്.
'വിശുദ്ധര്‍ക്കിടയിലെ നൊബേല്‍ ജേതാവ്, നൊബേല്‍ ജേതാക്കള്‍ക്കിടയിലെ വിശുദ്ധ' എന്ന വിശേഷണത്തിനും അര്‍ഹയായ മദര്‍ തെരേസയോടുള്ള ആദര സൂചകമായി 2010ല്‍ അമേരിക്കയും 2016 ല്‍ വത്തിക്കാനും സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്. 1979ലെ സമാധാന നോബല്‍ ജേതാവാണ് വിശുദ്ധ മദര്‍ തെരേസ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.