ഭീമന്‍ പാണ്ടയ്ക്ക് കുഞ്ഞുണ്ടായി; വൈറലായി അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ

ഭീമന്‍ പാണ്ടയ്ക്ക് കുഞ്ഞുണ്ടായി; വൈറലായി അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ

സിംഗപ്പൂര്‍: വംശനാശ ഭീഷണി നേരിടുന്ന ഭീമന്‍ പാണ്ടകളുടെ കുഞ്ഞിനെ എത്രപേര്‍ കണ്ടിട്ടുണ്ട്? സിംഗപ്പൂര്‍ വന്യജീവി പാര്‍ക്കിലെ ഭീമന്‍ ചൈനീസ് പാണ്ട ഒരു സുന്ദരന്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.
ലോകത്ത് എണ്ണത്തില്‍ കുറവായ പാണ്ടകളുടെ പ്രസവം മൃഗസംരക്ഷകരെ സംബന്ധിച്ച് വലിയ സംഭവമാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത് ആദ്യമായാണ് ഒരു പാണ്ടക്കുഞ്ഞ് ജനിക്കുന്നത്. വംശനാശഭീഷണി നേരിടുന്നതിനാല്‍ ഇത് അപൂര്‍വ സംഭവവുമാണ്.

പാണ്ടയുടെ പ്രജനനം വളരെ പ്രയാസമേറിയതാണ്. അതു കൊണ്ടുതന്നെ ഇവയുടെ എണ്ണം വളരെ കുറവാണ്.



ചൈനയില്‍നിന്ന് 2012 ല്‍ സിംഗപ്പൂരിലെത്തിയ 12 വയസുള്ള ജിയ ജിയ എന്ന പാണ്ട ആണ് കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭിണിയായി കുഞ്ഞിന് ജന്മം നല്‍കിയത്. 13 വയസുള്ള കെയ് കെയ് എന്ന ഭീമന്‍ പാണ്ടയാണ് പിതാവ്. ഈ വര്‍ഷം ഏപ്രിലിലാണ് ജിയ ജിയ ഗര്‍ഭിണിയായത്.

കുഞ്ഞിന്റെ ലിംഗം ഇതുവരെ നിര്‍ണയിക്കപ്പെട്ടിട്ടില്ലെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നു. ഏകദേശം 200 ഗ്രാം ഭാരമുള്ള ഈ കുഞ്ഞ് ശനിയാഴ്ചയാണ് ജനിച്ചതെന്ന് സിംഗപ്പൂര്‍ വൈല്‍ഡ് ലൈഫ് റിസര്‍വ്‌സ് (ഡബ്ല്യുആര്‍എസ്) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗര്‍ഭിണിയല്ലാത്തപ്പോഴും ഭീമന്‍ പാണ്ടകള്‍ ഗര്‍ഭത്തിന്റേതായ ഹോര്‍മോണ്‍ വ്യതിയാനങ്ങളും പെരുമാറ്റ ലക്ഷണങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് ഡബ്ല്യുആര്‍എസ് പറഞ്ഞു. സൂക്ഷ്മ നിരീക്ഷണത്തിലാണ് കഴിഞ്ഞ മാസം കുഞ്ഞ് പാണ്ട വരുന്നതിന്റെ സൂചനകള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 10 നാണ് ജിയ ജിയയുടെ ഗര്‍ഭം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയപ്പോള്‍ ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് വ്യക്തമായി കേള്‍ക്കാമായിരുന്നു. കുഞ്ഞിനെ മൂന്ന് മാസത്തിനുള്ളില്‍ ആളുകള്‍ക്ക് നേരിട്ടു കാണാനാകും.

ജപ്പാനും ഫ്രാന്‍സിനും ചൈന പാണ്ടകളെ നല്‍കിയിട്ടുണ്ട്. അവയും ഈ വര്‍ഷം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. 'പാണ്ട ഡിപ്ലോമസിയുടെ' ഭാഗമായി 1950 മുതല്‍ ചൈന തങ്ങളുടെ അംബാസഡര്‍മാരായ പാണ്ടകളെ വിദേശ രാജ്യങ്ങള്‍ക്കു നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.