നിങ്ങൾ ഓണം ആഘോഷിക്കുന്നുണ്ടോ? അടുത്ത നാളുകളിൽ ഉയർന്ന് കേൾക്കുന്ന ഒരു ചോദ്യം. ഇത് തികച്ചും വ്യക്തിപരമല്ലേ, ഓണം ആഘോഷിക്കുകയോ ആഘോഷിക്കാതിരിക്കുകയോ ചെയ്യാൻ ഏതൊരു പൗരനും അവകാശമുണ്ട്. ഓണം എന്നത് കേരളീയരുടെ ഒരു പൊതു ആഘോഷമായിരുന്നു ഇരുപതാം നൂറ്റാണ്ട് വരെ.
വള്ളംകളിയും അത്തപ്പൂക്കളവും, ഊഞ്ഞാലാട്ടവും ഓണസദ്യയും നടൻ കളികളും നാടൻ വസ്ത്രങ്ങളുമെല്ലാമായിരുന്നു ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണം. ഇതിൽ ജാതിയുടെയോ മതത്തിന്റെയോ വിശ്വാസങ്ങളെ ഒരിക്കലും കൂട്ടികുഴക്കാറില്ലായിരുന്നു. ഈ ആഘോഷത്തിൽ ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും ഒന്നുചേർന്ന് ആഘോഷിച്ചിരുന്നു. ഐക്യത്തിന്റെ, സ്നേഹത്തിന്റെ, മത സൗഹാർദത്തിന്റെയൊക്കെ ഒരാഘോഷം, അതായിരുന്നു മലയാളിക്ക് ഓണം.
മലയാളികൾ ഒന്നടങ്കം ആഘോഷിച്ചിരുന്ന ഓണാഘോഷത്തിലേക്ക് വർഗീയത കൂട്ടിക്കലർത്തി സമൂഹത്തിന്റെ മതേതരത്വ നിലപടുകളിൽ മായം ചേർക്കാൻ ഇക്കഴിഞ്ഞ ഏതാനും ഓണക്കാലങ്ങളിൽ ചില കേന്ദ്രങ്ങൾ കുൽസിത ശ്രമങ്ങൾ നടത്തിയത്തിന്റെ തിക്തഫലങ്ങൾ നാം അനുഭവിച്ചതാണല്ലോ.
അടുത്ത് കാലത്തായി ഓണത്തെ മതാചാരങ്ങളുമായി കൂട്ടികുഴക്കാനുള്ള തീവ്ര ശ്രമം പല ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. കേരളത്തിൽ വർദ്ധിച്ച് വരുന്ന വർഗീയ വിദ്വേഷങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പല സങ്കൽപ്പങ്ങളും ഓണത്തെക്കുറിച്ച് കടന്ന് വരുന്നുണ്ട്. ഹൈന്ദവ സമുദായത്തിൽ തന്നെ ഇതിന്റെ മതപരമായ കാഴ്ചപ്പാടിനെക്കുറിച്ച് വ്യത്യസ്‍ത അഭിപ്രായങ്ങളുണ്ട്.
സാധാരണ രീതിയിൽ ഓണം ആഘോഷിച്ചിരുന്ന ക്രൈസ്തവ സമുദായത്തിലെ ചില പുരോഹിതന്മാരും വിശ്വാസികളും ചേർന്ന് ഓണക്കുർബാന, ഓണാരാധന തുടങ്ങിയ തെറ്റായ കാര്യങ്ങളെ ആരാധന ക്രമവുമായി കൂട്ടികുഴക്കാൻ ചില ശ്രമങ്ങൾ നടത്തി ഈ രണ്ട് നിലപാടുകളും കേരളത്തിലെ പരമ്പരാഗത നിലപാടുകൾക്കെതിരാണ്. കേരളത്തിലെ പ്രജകളെ ഒന്നായിക്കണ്ട് സൽഭരണം നടത്തിയിരുന്ന ഒരു രാജാവിനെക്കുറിച്ചുള്ള ഓർമദിവസം എന്നതിനപ്പുറം ഇതിലെ ആത്മീയ വശങ്ങളോ ചിന്തകളോ ക്രിസ്ത്യാനികൾ പരിഗണിച്ചിരുന്നില്ല.
അധ്വാനികളായ കേരള ജനത അവന്റെ നീണ്ട കഠിന പ്രയത്നത്തിന്റെ ദിനങ്ങളിൽ അല്പം ഉല്ലാസത്തിനായി കണ്ടിരുന്ന നാളുകളാണ് ഓണം. അത്തം മുതൽ പത്ത് ദിവസം കാണം വിറ്റും ഓണമുണ്ണുമ്പോൾ അവന് ലഭിക്കുന്ന സന്തോഷവും സമാധാനവും വർഗീയതയ്ക്കും മതപരമായ കാഴ്ചപ്പാടുകൾക്കുമൊക്കെ അപ്പുറത്താണ്. സൗഹാർദങ്ങൾ പുതുക്കാനും ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും സഹായകമാകുന്ന ഓണത്തിന്റെ ദിനങ്ങളിൽ മതപരമായ അതിന്റെ പശ്ചാത്തലങ്ങളെയോ, മതപരമായ ആചാരങ്ങളെയോ ഒരു സാധാരണ മലയാളി ഇതുമായി കൂട്ടിക്കുഴക്കാറുമില്ല. വയറു നിറച്ച് ഭക്ഷണം കഴിച്ച്, ഏമ്പക്കം വിട്ട് ഊഞ്ഞാലാടി, വൈകുന്നേരം അടുത്തുള്ള വായനശാലയിലോ ക്ലബ്ബിലോ ഇരുന്ന് ഓണപ്പരിപാടികൾ കാണുന്ന ഒരു ശരാശരി മലയാളി ഓണത്തിന്റെ ദൈവശാസ്ത്രമോ തത്വശാസ്ത്രമോ ചിന്തിക്കാറുണ്ടെന്ന് കരുതുന്നില്ല.
ഓണമുണ്ണുന്നതും, പുലിക്കളി കാണുന്നതും, ഊഞ്ഞാലാടുന്നതും, തികച്ചും വ്യക്തിപരം. ഇത് മലയാളിയുടെ പൊതുവായ ആഘോഷമാണ്. ഇവിടേയ്ക്ക് ദയവായി വർഗീയത കൊണ്ടുവരരുതേ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.