താലിബാന്‍ പതാക നീക്കിയ മൂന്നു പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയ താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുള്‍ ഗാനി ബരാദറിന് രാജകീയ സ്വീകരണം. കാബൂളിന്റെ നിയന്ത്രണം പിടിച്ചടക്കിയതിനു പിന്നാലെയാണ് ഖത്തറില്‍ നിന്നും ബരാദര്‍ കാണ്ഡഹാറില്‍ എത്തിയത്. താലിബാന്റെ ഭരണം ഉറപ്പായതോടെ പ്രസിഡന്റാവാന്‍ സാധ്യത കല്‍പ്പിക്കുന്ന നേതാവാണ് മുല്ല ബരാദര്‍.
പ്രാണരക്ഷാര്‍ഥം അഫ്ഗാന്‍ പൗരന്മാര്‍ മറ്റു രാജ്യങ്ങളിലേക്കു രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് താലിബാന്റെ ഏറ്റവും ശക്തനായ നേതാവിന്റെ കാബൂളിലേക്കുള്ള തിരിച്ചുവരവ്. താലിബാന്റെ ഡെപ്യുട്ടി നേതാവ് കൂടിയാണ് മുല്ല അബ്ദുള്‍ ഗാനി ബരാദര്‍.
2001-നുശേഷം ആദ്യമായാണ് ബരാദര്‍ അഫ്ഗാനിലെത്തുന്നത്. ഖത്തറില്‍നിന്ന് കണ്ഡഹാര്‍ വിമാനത്താവളത്തില്‍ എത്തിയ മുല്ല ബരാദര്‍ അനുയായികളോടൊപ്പം നില്‍ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
മുല്ല ഒമറിനൊപ്പം 1994-ല്‍ താലിബാന്‍ സ്ഥാപിച്ച നാല്‍വര്‍ സംഘത്തിലെ അംഗമാണ് മുല്ല ബരാദര്‍. ഒമര്‍ കഴിഞ്ഞാല്‍ താലിബാനില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന ബരാദര്‍, ഒമറിന്റെ വിശ്വസ്തനും വലംകൈയ്യുമായിരുന്നു. 2001ല്‍ താലിബാന്‍ വാഴ്ചയ്ക്ക് യുഎസ് അന്ത്യം കുറിച്ചതോടെ ബരാദര്‍ ഒളിവില്‍ പോയി.
2010-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ച് യു.എസ്-പാകിസ്താന്‍ സംയുക്ത ഓപ്പറേഷനില്‍ മുല്ല അബ്ദുള്‍ പിടിയിലായി. പിന്നീട് പാക്ക് ജയിലിലായിരുന്നു ഏഴു വര്‍ഷം. 2018 വരെ പാക്കിസ്ഥാനില്‍ കഴിഞ്ഞ അബ്ദുള്‍ ഗനി ഇതിനു ശേഷം മോചിതനാകുകയും ഖത്തറിലേക്കു കടക്കുകയും ചെയ്തു.
യു.എസ്, അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ താലിബാനെ പ്രതിനിധീകരിച്ചിരുന്നത് ബരാദറാണ്.
തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും പഴയ എതിരാളികളോട് പ്രതികാരം ചെയ്യില്ലെന്നും ഇസ്ലാമിക നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നും ബരാദറിന്റെ വരവിനുശേഷം താലിബാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയില്‍ തിരികെ എത്തണമെന്നും താലിബാന്‍ നിര്‍ദേശിച്ചിരുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്തില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും അവര്‍ക്ക് പോകാമെന്നും താലിബാന്‍ വ്യക്തമാക്കി. ഇതിനുശേഷം കാബൂളില്‍ ഏതാനും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
എങ്കിലും അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെടാനുള്ള നാട്ടുകാരുടെ ശ്രമങ്ങള്‍ അവസാനിക്കുന്നില്ല. താലിബാനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
അഫ്ഗാനിസ്താനിലെ പടിഞ്ഞാറന്‍ നഗരമായ ജലാലാബാദില്‍ താലിബാനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 12 ലധികം പേര്‍ക്കു പരുക്കേറ്റു. നഗരത്തില്‍ താലിബാന്‍ പതാക നീക്കി അഫ്ഗാനിസ്താന്റെ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കാബൂളില്‍നിന്ന് 115 കിലോമീറ്റര്‍ അകലെയാണ് ജലാലാബാദ്. നഗരത്തിലെ പഷ്തൂണിസ്താന്‍ സ്‌ക്വയറിലാണ് വെടിവെപ്പുണ്ടായത്. ജനക്കൂട്ടത്തിനു നേരെ പലതവണ വെടിവെപ്പ് നടത്തുന്നതിന്റെയും ജനങ്ങള്‍ ചിതറി ഓടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പതാകയേന്തി ജനങ്ങള്‍ താലിബാനെതിരെ പ്രതിഷേധിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടത്തിനുനേരെ വെടിവെപ്പ് നടത്തിയത് തങ്ങളുടെ ആളുകളാണോ എന്ന കാര്യം താലിബാന്‍ വെളിപ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.