താലിബാന്റെ നിഷ്ഠുരത: 1995 ല്‍ വധിച്ച ഷിയാ നേതാവ് അബ്ദുള്‍ അലി മസാറിയുടെ പ്രതിമ തരിപ്പണമാക്കി

താലിബാന്റെ നിഷ്ഠുരത: 1995 ല്‍ വധിച്ച ഷിയാ നേതാവ് അബ്ദുള്‍ അലി മസാറിയുടെ പ്രതിമ തരിപ്പണമാക്കി

കാബൂള്‍: സ്ത്രീ സ്വാതന്ത്ര്യത്തിനു മുന്‍തൂക്കം നല്‍കുന്ന അഫ്ഗാനിലെ ഹസാര വംശീയ ന്യൂനപക്ഷത്തിന്റെ നേതാവ് അബ്ദുള്‍ അലി മസാറിയെ 1995 ല്‍ കഴുത്തറുത്തു കൊന്ന താലിബാന്‍ ഇക്കുറി അധികാരം പിടിച്ചെടുത്ത ഉടന്‍ തന്നെ ബാമിയാനിലെ അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്ത് വിരോധം ഊട്ടിയുറപ്പിച്ചു. ആദ്യ ഭരണത്തില്‍ ഈ പ്രദേശത്തുണ്ടായിരുന്ന കൂറ്റന്‍ ബുദ്ധപ്രതിമകളും പുരാവസ്തുക്കളും ഇസ്ലാം വിരുദ്ധമെന്ന് പറഞ്ഞ് പൂര്‍ണമായും നശിപ്പിച്ചിരുന്നു താലിബാന്‍.

മദ്ധ്യ അഫ്ഗാനിസ്ഥാനിലെ ഹസാര ജാട്ട് പ്രദേശത്തെ മലനിരകളില്‍ അധിവസിക്കുന്ന വംശീയ ന്യൂനപക്ഷ വിഭാഗമാണ് ഹസാരകള്‍. നിരവധി വര്‍ഷങ്ങളായി താലിബാന്‍ ഭീകരരുടെ ആക്രമണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്നു അവര്‍. 13-ാം നൂറ്റാണ്ടിലെ മംഗോളിയന്‍ ചക്രവര്‍ത്തി ജെങ്കിസ് ഖാന്റെയും പടയാളികളുടെയും പിന്‍മുറക്കാര്‍. അഫ്ഗാനിസ്ഥാനിലെ ഇതര വിഭാഗങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തരാണിവര്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം നല്‍കി. 2001 ല്‍ അമേരിക്കന്‍ സഖ്യസേനയുടെ വരവിനെ തുടര്‍ന്ന് ഭരണതലത്തില്‍ പോലും ഹസാരെ യുവതികള്‍ പങ്കാളിത്തം വഹിച്ചു.

രാജ്യത്തെ ചുരുക്കം വനിതാ ഗവര്‍ണര്‍മാരിലൊരാളായ ഹസാരാ ജില്ലയിലെ ഛഹാര്‍കിന്ദ് പ്രവിശ്യ ഭരിച്ചിരുന്ന സലീമാ മസാറി ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഇപ്പോള്‍ അവര്‍ താലിബാന്റെ തടവിലാണ്. സ്ത്രീകള്‍ക്ക് ശരിയ നിയമം അനുസരിച്ച് ജോലിക്ക് പോകുന്നതിന് വിലക്കില്ലെന്ന് താലിബാന്‍ പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന കാര്യത്തില്‍ പഴയതലമുറക്കാര്‍ക്ക് ആശങ്കയുണ്ട്.

ഷിയാ വിഭാഗത്തിലെ നേതാവായിരുന്നു അബ്ദുള്‍ അലി മസാറി. സുന്നി വിഭാഗത്തില്‍ പെടുന്ന താലിബാനെതിരായ പോരാട്ടത്തിനു നേതൃത്വം നല്‍കിയ അദ്ദേഹത്തെ സമാധാന സംഭാഷണത്തിനെന്ന നാട്യത്തില്‍ വിളിച്ചുവരുത്തി പിടികൂടിയ ശേഷമാണ് കഴുത്തറുത്തു കൊന്നത്. പറക്കുന്ന ഹെലിക്കോപ്റ്ററില്‍ മൃതദേഹം കെട്ടിത്തൂക്കിയും താലിബാന്‍ ക്രൂരത കാട്ടി. ഇക്കുറി ഏവര്‍ക്കും മാപ്പേകി മനുഷ്യത്വത്തിന്റെ മഹനീയത പ്രകടിപ്പിക്കുമെന്ന അവകാശ വാദം പ്രയോഗത്തിലാക്കാനാണോ പ്രതിമ തച്ചുടച്ചതെന്ന ചോദ്യം ഉയര്‍ത്തി ട്വീറ്റ് ചെയ്തു, മനുഷ്യാവകാശ പ്രവര്‍ത്തകനായ സലീം ജാവേദ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.